‘മറക്കില്ല ആ ദിനം, വീഡിയോദൃശ്യം ഇല്ലാതാക്കിയത് പോലീസ് മെനഞ്ഞ കഥ’

കൊച്ചി: ‘‘ഭർത്താവിനെ പോലീസ് വാഹനത്തിൽ കൊണ്ടുപോയതു കണ്ടാണ് ഞാൻ പിന്നാലെ ഓട്ടോറിക്ഷ വിളിച്ച് സ്റ്റേഷനിലെത്തുന്നത്. അവിടെ ചെല്ലുമ്പോൾ കാണുന്നത് ഭർത്താവിനെ പോലീസുകാർ അടിക്കുന്നതായിരുന്നു. എന്തിനാ ഭർത്താവിനെ തല്ലുന്നതെന്ന് ചോദിച്ചാണ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. ഇതിനിടെ വാക്കുതർക്കമുണ്ടായി. എന്നെപ്പിടിച്ച് ഉന്തുകയും കരണത്തടിക്കുകയുമായിരുന്നു, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവെച്ച് കഴിഞ്ഞകൊല്ലം മർദനമേറ്റ ഷെെമോൾ പറയുന്നു.
ആ സമയത്ത് ഗർഭിണിയായിരുന്നു ഷെെമോൾ. അന്ന് എസ്എച്ച്ഒ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രനാണ് ഷെെമോളെ നെഞ്ചിൽ പിടിച്ച് തള്ളുകയും കരണത്തടിക്കുകയും ചെയ്തത്. നോർത്ത് പോലീസ് സ്റ്റേഷനു സമീപം റെയിൽവേ സ്റ്റേഷന് എതിർവശത്ത് ബെൻ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യയാണ് ഷൈമോൾ. 2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് പരാതിക്കാർക്ക് ലഭിച്ചത്.
നോർത്ത് പോലീസ് സ്റ്റേഷനിൽനിന്ന് 150 മീറ്ററേ വരൂ ബെൻജോ-ഷൈമോൾ ദമ്പതിമാരുടെ ബെൻ ടൂറിസ്റ്റ് ഹോമിലേക്കുള്ള ദൂരം. ഇവിടെത്തന്നെയാണ് കുടുംബം താമസിക്കുന്നതും. പോലീസ് സ്റ്റേഷന് മൂക്കിനുതാഴെ നിന്നുകൊണ്ടാണ് പോലീസിന്റെ നീതിനിഷേധത്തിനെതിരേ ദമ്പതിമാർ പോരാടിയത്.
സ്റ്റേഷനിൽനിന്ന് മർദനമേറ്റ ശേഷം ആശുപത്രിയിൽ അഡ്മിറ്റാകുകയും പരാതി നൽകുകയും ചെയ്തതോടെ മറ്റൊരു കള്ളക്കഥയുമായി പോലീസ് രംഗത്തുവന്നു.തന്നെയും ഇല്ലാക്കേസിൽ കുടുക്കിയതായി ഷൈമോൾ പറയുന്നു. ’ഞാൻ സിഐയെ മാന്തിപ്പറിച്ചു. സ്റ്റേഷനിലെ ഫർണിച്ചറിന് കേടുപാട് വരുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എനിക്കെതിരേ ചുമത്തിയത്. ഞങ്ങൾ രണ്ടുപേർക്കും മർദനമേൽക്കുകയും അകാരണമായി കേസിൽ പെടുത്തുകയും ചെയ്തതോടെയാണ് നീതി തേടി ഇറങ്ങാൻ തീരുമാനിച്ചത്’-ഷൈമോൾ പറഞ്ഞു.
ദൃശ്യങ്ങൾക്കായി ആദ്യം ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ സിഐയെ പ്രതിയാക്കി എസിജെഎം കോടതിയിൽ സ്വകാര്യ അന്യായവും ഫയൽ ചെയ്തു.2024 ജൂൺ 19 മുതൽ 20 വരെയുള്ള സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർക്ക് കൈമാറാനും നിർദേശിച്ചു.
സിഐ മർദിച്ചതിന്റെ പേരിൽ എസിജെഎം കോടതിയിൽ നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്. നീതിക്കായി ഇനിയും പോരാട്ടം തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:
സ്റ്റേഷൻ മർദനം നടക്കുന്നതിന് രണ്ടുദിവസം മുൻപ് സമീപത്തെ ഹോട്ടലിലെ രണ്ട് ജീവനക്കാരെ പോലീസ് അടിക്കുന്നതിന്റെ ദൃശ്യം ബെൻ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ദമ്പതിമാർ പറയുന്നു. ബെൻജോ ദൃശ്യം പകർത്തുന്നത് പോലീസുകാർ കണ്ടിരുന്നു. തുടർന്ന് പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് ഹോട്ടൽ ജീവനക്കാരായ രണ്ട് യുവാക്കളെ ഒന്നും രണ്ടും പ്രതികളാക്കിയും ബെൻജോയെ മൂന്നാം പ്രതിയാക്കിയും കേസെടുത്തു.
രണ്ട് ദിവസം കഴിഞ്ഞാണ് വീണ്ടും പോലീസ് ഇവരുടെ കടയിൽ വരുന്നത്. രണ്ട് ദിവസം മുൻപ് പകർത്തിയ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടതായി ദമ്പതിമാർ പറയുന്നു. നൽകാൻ വിസമ്മതിച്ച ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് ജീപ്പിനു പിന്നാലെ ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയ ഷൈമോൾ കണ്ടത് ഭർത്താവിനെ പോലീസുകാർ മർദിക്കുന്നതാണ്. ഇതേക്കുറിച്ച് ചോദിച്ച യുവതിയെ തള്ളുകയും കരണത്തടിക്കുകയും ചെയ്തു. തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചതോടെ സ്റ്റേഷനിൽ അതിക്രമം കാണിച്ചെന്നും സിഐയുടെ ദേഹം മാന്തിപ്പറിച്ചെന്നും കാണിച്ച് ഷൈമോൾക്കെതിരേയും പോലീസ് കേസെടുത്തു.
ഇതോടെയാണ് സത്യം പുറത്തുകൊണ്ടുവരാൻ കുടുംബം കോടതിയെ സമീപിച്ചത്. അതിനിടെ സിഐ മർദിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം എസിെജഎം കോടതിയിൽ ദമ്പതിമാർ സ്വകാര്യ അന്യായവും ഫയൽ ചെയ്തു. മജിസ്ട്രേറ്റിനു മുൻപിൽ യുവതി മൊഴിയും നൽകി. ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങൾക്കായി അഡ്വ. ആർ.വി. ഗാലൻ വഴി ഹൈക്കോടതിയെയും സമീപിച്ചു. ദൃശ്യങ്ങൾ കൈമാറാതിരിക്കാൻ പല ഒഴിവുകൾ നിരത്തിയെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് വ്യാഴാഴ്ചയോടെ ദൃശ്യം ലഭിച്ചു. സിഐ പ്രതിയായ കേസ് ഇപ്പോഴും മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്.
Content Highlights: sho slaps pregnant lady at ernakulam north police station