ഇൻവോയ്സില്ലാതെ വാങ്ങിയ പണം കൈക്കൂലി,ഭാവി ബിസിനസിനായി 20 കോടി രൂപ കൈപ്പറ്റിയതായി റിയാസ് അംഗീകരിച്ചു- ഷോൺ ജോർജ്

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, ഷോൺ ജോർജ് | Photo: മാതൃഭൂമി
പിണറായി വിജയൻ, ഷോൺ ജോർജ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ഭാവി ബിസിനസിനായി 20 കോടി രൂപ കൈപ്പറ്റിയതായി റിയാസ് അംഗീകരിച്ചതായി ബിജെപി നേതാവ് ഷോൺ ജോർജ്. നേതാക്കൾ ഓരോ വർഷവും സ്വത്ത് വിവരം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണമെന്നിരിക്കെ, കഴിഞ്ഞ തിരഞ്ഞെടുപ്പിലും നാല് മാസം മുമ്പ് സർക്കാരിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാണിച്ചതിനേക്കാൾ കൂടുതൽ സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് പിണറായി വിജയനും മുഹമ്മദ് റിയാസും സമ്മതിച്ചിരിക്കുകയാണ്. സി.പി.എം വിശാല സംസ്ഥാന സമിതി ഈ വിഷയം ചർച്ച ചെയ്ത് ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സേവനം നൽകിയ വകയിൽ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് പറഞ്ഞിരുന്നതെങ്കിലും, പുറത്തുവന്ന രേഖകൾ പ്രകാരം 3.28 കോടി രൂപ വാങ്ങിയതായി വ്യക്തമാണ്. 1.58 കോടി രൂപ അധികമായി കൈപ്പറ്റി. ഈ തുകയിൽ 85 ലക്ഷം രൂപ ഇൻവോയ്സ് ഇല്ലാതെയാണ് കൈപ്പറ്റിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. യാതൊരു സേവനവും നൽകാതെ ഇൻവോയ്സ് ഇല്ലാതെ കൈപ്പറ്റിയ ഈ 85 ലക്ഷം രൂപയെങ്കിലും 'കൈക്കൂലിപ്പണം' എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. വീണയുടെ കമ്പനിയായ എക്സാലോജിക് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ വിലാസത്തിലാണ് ബിസിനസ്സ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. എ.കെ.ജി സെന്റർ വിലാസമാക്കിക്കൊണ്ട് മകൾ ബിസിനസ് നടത്തുന്നത് പിണറായി വിജയൻ ചെയ്ത ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിയിൽ 'പി.വി' എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണ് മകൾ വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും വിധിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു സേവനവും നൽകാതെയാണ് കമ്പനിക്ക് പണം നൽകിയതെന്ന് സി.എം.ആർ.എൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറും മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാർക്കുമുള്ള പെരുമാറ്റച്ചട്ടത്തിലെ ക്ലോസ് 2 പ്രകാരം സർക്കാരുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളുമായി മന്ത്രിമാരോ അവരുടെ അടുത്ത ബന്ധുക്കളോ കരാറിൽ ഏർപ്പെടാൻ പാടില്ലെന്ന നിയമം ലംഘിച്ച് വീണ കരാറുണ്ടാക്കിയത് പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതിയിൽ പരിസ്ഥിതി വകുപ്പിന്റെ സ്റ്റാൻഡിങ് കൗൺസിലായി പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് നവീൻ, പിണറായി വിജയന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ്. ഒരു വശത്ത് മകൾ കരാറിലേർപ്പെടുകയും മറു വശത്ത് ഭാര്യയുടെ അനിയത്തിയുടെ മകൻ സ്റ്റാൻഡിങ് കൗൺസിലായി നിൽക്കുകയും ചെയ്യുന്ന കമ്പനിക്കെതിരെ പരിശോധന നടത്താൻ ഏത് ഉദ്യോഗസ്ഥനാണ് ധൈര്യമുണ്ടാകുകയെന്ന് അദ്ദേഹം ചോദിച്ചു. അന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഡയറക്ടറായ സജീവൻ റിപ്പോർട്ട് നൽകിയപ്പോൾ, ഉദ്യോഗസ്ഥർ സി.എം.ആർ.എല്ലിനെതിരെ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഈ വിഷയം മുൻപ് എം.എൽ.എയായിരുന്ന പി.ടി. തോമസ് കേരള നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് സർക്കാരിൽ നിന്ന് ലഭിച്ചതെന്നും പിന്നീട് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചാണ് തങ്ങൾക്കെതിരെയുള്ള പരാതി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Shaun George accuses Pinarayi Vijayan of severe abuse of power regarding Exalogic operating from AKG Centre address. Alleges 85 lakh rupees was received without any invoice, terming it a bribe. Claims CMRL Chief Financial Officer testified that money was paid without providing any services. Points out violation of minister's code of conduct regarding family business contracts.