തിരയടിച്ച് തീരത്തെത്തി കൂറ്റൻ സ്രാവ്; രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചയച്ചു | VIDEO

കരയ്ക്കടിഞ്ഞ കൂറ്റൻ സ്രാവ് | Photo: Mathrubhumi
കരയ്ക്കടിഞ്ഞ കൂറ്റൻ സ്രാവ് | Photo: Mathrubhumi

തിരുവനന്തപുരം: തിരയിൽപ്പെട്ട് തീരത്തടിഞ്ഞ് ജീവനുവേണ്ടി പിടഞ്ഞ തിമിംഗില സ്രാവിനെ രക്ഷപ്പെടുത്താൻ വേണ്ടി മത്സ്യത്തൊഴിലാളികളും വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജീവനക്കാരും നടത്തിയ പരിശ്രമം വിജയം കണ്ടു. പരിക്കുകളേൽക്കാതെ ഒടുവിൽ തിമിംഗില സ്രാവിനെ തിരികെ കടലിലേക്ക് തിരിച്ചുവിട്ടു.  

പനത്തുറക്കടുത്ത് സമുദ്രാ തീരത്താണ് ശനിയാഴ്ച രാവിലെയോടെ കൂറ്റൻ വെളളുടുമ്പ് സ്രാവ് എന്ന പേരിൽ അറിയിപ്പെടുന്ന തിമിംഗില സ്രാവ് തീരത്തെത്തിയത്. തിരയടിച്ച് മലർന്ന അവസ്ഥയിലായതിനാൽ സ്രാവിന് മുന്നോട്ട് പോകാനായില്ല. സംഭവം കണ്ട നാട്ടുകാർ തിരുവല്ലം പോലീസിൽ വിവരം നൽകി. എസ്.ഐ. ജി. ഗോപകുമാർ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലതെത്തി. തുടർന്ന് കോസ്റ്റൽ പോലീസിലും വിവരം നൽകി. ഇവർ വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീൽഡ് ഓഫീസർ അജിത് ശംഖുമുഖത്തെ വിവരമറിയിച്ചു.  

പാറക്കൂട്ടങ്ങൾക്കടുത്തായതിനാൽ സ്രാവിനെ തളളിമാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പൂന്തുറയിൽ നിന്ന് വളളത്തിലെത്തിയ മത്സ്യത്തൊഴിലാളികൾ സ്രാവിന്റെ വാലിലും വയറിലും കയർ കെട്ടിയശേഷം കടലിലേക്ക് വലിച്ചുകൊണ്ടുപോയി. സ്രാവിന് തടസമില്ലാതെ നീന്തി പോകാൻ സൗകര്യത്തിന് എത്തിച്ചശേഷം കയർ മുറിച്ച് വിട്ടു. ഇതോടെ സ്രാവ് ഉളളിലേക്ക് നീന്തിപ്പോയെന്ന് അജിത് ശംഖുംമുഖം പറഞ്ഞു. 

നാലുദിവസം മുമ്പ് കഴക്കൂട്ടത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ ഇതേ വർഗ്ഗത്തിലുളള സ്രാവുകൾ കുടുങ്ങിയിരുന്നു. തുമ്പ, വലിയതുറ എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി മൂന്ന് സ്രാവുകളും എത്തിയിരുന്നു. ഇവയെയെല്ലാം വലമുറിച്ച് വിട്ട് രക്ഷപ്പെടുത്തി തിരികെ അയച്ചു. തീറ്റതേടിയാണ് ഇവ എത്തുന്നതെന്നും അങ്ങനെയാണ് വലയ്ക്കുളളിൽപ്പെടുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 2023 ജൂൺ ഒൻപതിന് രാവിലെയോടെ 20 തിമിംഗില സ്രാവുകൾ കൂട്ടത്തോടെ വന്നിരുന്നുവെന്ന് കേരളാ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ മറൈൻ ബയോ ഡൈവേഴ്സിറ്റി ഡയറക്ടർ ഡോ പദ്മകുമാർ പറഞ്ഞു.

Content Highlights: shark at kovalam beach