കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഷഹബാസിന്റെ പിതാവ്

ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍
ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

കോഴിക്കോട്: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പിതാവ് ഇഖ്ബാല്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു.

പ്രതികളായ കുട്ടികള്‍ക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയോ മന്ത്രി റിയാസോ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു. കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കും. പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാന്‍ അല്ല താന്‍ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷമെങ്കിലും, കേസ് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് പറയുന്നതെന്നും ഇഖ്ബാല്‍ വ്യക്തമാക്കി.

അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്നോ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്നോ പോലും താന്‍ ആവശ്യപ്പെടുന്നില്ല. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അതിനാല്‍ കൂടിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെടുന്നതെന്നും ഷഹബാസിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Iqbal, Shahabaz`s father, accuses Kerala govt of protecting students accused in the murder case