‘ഇങ്ങനെയൊരു ദിവസംവരുമെന്ന് നന്നായി അറിയാമായിരുന്നത് ആന്റോയ്ക്ക്; വിലയ്ക്കുവാങ്ങാൻ സാധിക്കുന്നതല്ല മാധ്യമപ്രവർത്തനം’

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: താൻ നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകളിൽനിന്ന് അഭയംതേടാനുള്ള സങ്കേതമായാണ് ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ടിവിയെ കണ്ടതെന്ന ആരോപണവുമായി ഷാഫി പറമ്പിൽ എംപി. പണംകൊടുത്തു വാങ്ങാൻസാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനമെന്നും നിയമനടപടികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനായാണ് ആന്റോ മാധ്യമപ്രവർത്തകനാവാൻ ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇങ്ങനെയൊരു ദിവസം തന്റെ മുന്നിൽ വരുമെന്ന കാര്യം ഏറ്റവും നന്നായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയാണ്. പല തരത്തിലുള്ള സങ്കേതങ്ങളിലും അഭയം തേടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും മാധ്യമമാണെങ്കിലും അവയെല്ലാം, താൻ നടത്തിയ തട്ടിപ്പുകളിൽനിന്ന് അഭയം തേടാനുള്ള സങ്കേതമായാണ് അദ്ദേഹം ഉപയോഗിച്ചത്', ഷാഫി പറഞ്ഞു.

'പണംകൊണ്ട് വാങ്ങാവുന്ന ഒരു പദവിയല്ല മാധ്യമപ്രവർത്തകൻ എന്നത്. തന്റെ തട്ടിപ്പുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഒരാൾ സംരക്ഷണത്തിനുവേണ്ടി മാധ്യമപ്രവർത്തകനാകാൻ ശ്രമിച്ചപ്പോൾ, എഡിറ്റോറിയൽ ബോർഡിൽ കസേര വലിച്ചിട്ട് ഇരുന്നപ്പോൾ ഉണ്ടായ അപകടത്തേക്കാൾ വലിയ ഒരപകടവും ഈ റെയ്ഡ് കൊണ്ട് കേരളത്തിന്റെ മാധ്യമപ്രവർത്തകമേഖലയ്ക്ക് ഉണ്ടായിട്ടില്ല', ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. 

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. തങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമല്ലെന്ന് പറഞ്ഞ എംപി, വിഷയത്തിൽ നിയമോപദേശവും മറ്റു കാര്യങ്ങളും നടക്കുന്നുണ്ടെന്നും  നിയമപരമായ വശങ്ങൾ പരിശോധിച്ച് സർക്കാരും പോലീസും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Content Highlights: Shafi Parambil MP accused Anto Augustin of using journalism as a refuge from his fraudulent activities, claiming that media positions cannot be bought with money. Parambil stated that Augustin attempted to use various platforms, including media, as a sanctuary from his scams, and criticized the impact on Kerala's journalism sector.