സെർവർ ബന്ധം മുറിയുന്നു; തപാൽസേവനം പ്രതിസന്ധിയിൽ, കാരണം പുതിയ സോഫ്റ്റ്‌വേർ

ഉദുമ: പുതിയ എപിടി 2.0 സോഫ്റ്റ്‌വേർ (അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി 2.0) വന്നതോടെ രാജ്യത്താകെ തപാൽ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. തപാൽ ഓഫീസുകളിലെ കംപ്യൂട്ടറുകളും പ്രധാന സെർവറുമായുള്ള ബന്ധം ദിവസം മുഴുവനും ഇല്ലാതാകുന്നതാണ് പ്രധാന പ്രശ്നം. എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലായതിനാൽ സെർവർ ബന്ധം മുറിയുന്നതോടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.
മൈസൂരുവിലെ സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി (സിഇപിടി)യാണ് പുതിയ സോഫ്റ്റ്‌വേർ തയ്യാറാക്കിയത്. രാവിലെ ഏഴുമുതൽ ഒൻപതുവരെ ബുദ്ധിമുട്ടില്ലാതെ സെർവർ കണക്ഷൻ ലഭിക്കും.
പിന്നെ കിട്ടണമെങ്കിൽ രാത്രിയാകണമെന്ന് ജീവനക്കാർ പറയുന്നു. സാധാരണ തപാൽ ഓഫീസ് പ്രവർത്തന സമയം രാവിലെ 8.30 മുതലാണ്. രാജ്യത്തെ രണ്ടുലക്ഷത്തോളമുള്ള തപാൽ ഓഫീസുകളിലെ ജീവനക്കാർ ഒരുമിച്ച് ലോഗിൻ ചെയ്യുമ്പോഴുണ്ടാകുന്ന ലോഡ് താങ്ങാനാകാത്തതാണ് സെർവർ ബന്ധം മുറിയാൻ കാരണമെന്ന് ഐടി വിദഗ്ധർ പറയുന്നു.
സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് തപാലും നിലച്ചു
പുതിയ സോഫ്റ്റ്‌വേർ ഉപയോഗിച്ചുതുടങ്ങിയതോടെ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്സൽ, മണിയോർഡർ ബുക്കിങ്ങുകൾ എല്ലാം പൂർണമായും നിലച്ചു. സാധാരണ തപാൽ ഉരുപ്പടികളുടെ നീക്കം മാത്രമാണ് ഇപ്പോൾ മുറതെറ്റാതെ നടക്കുന്നത്. എപ്പോഴെങ്കിലും ഒരു ഉരുപ്പടി ബുക്ക് ചെയ്താൽ അത് വഴിയാംവിധം ബാഗ് കെട്ടി, ലക്ഷ്യസ്ഥാനത്തേക്ക് അയക്കാൻ കഴിയാതെ വരുന്നതായി ജീവനക്കാർ പറയുന്നു.
തപാൽ ഉരുപ്പടികളുടെ വിതരണം മിക്ക ഓഫീസുകളിലും കംപ്യൂട്ടറിൽ ചേർക്കാനാകാതെ കടലാസിൽ എഴുതിനൽകുകയാണ്. ഇതോടെ ഉരുപ്പടികളുടെ ട്രാക്കിങ്ങും നടക്കാതായി. രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് ബുക്കിങ്ങും വിതരണവും തടസ്സപ്പെടുന്നു. വിദ്യാർഥികളും തൊഴിലന്വേഷകരും കത്തുകൾ കിട്ടാതെ ബുദ്ദിമുട്ടിലാണ്. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് ഉരുപ്പടിയായി അയച്ചിരുന്ന കോടതി, ബാങ്ക് നോട്ടീസുകൾ സ്വീകരിക്കാനും അയക്കാനും വിതരണം ചെയ്യാനും പറ്റാത്ത നിലയിലായി. യഥാസമയം പാസ്പോർട്ട് കിട്ടാതെ വലയുന്നവരും ഒട്ടേറെയാണ്.
ജോലി തീരുന്നില്ല
പണികൾ ഇഴയുന്നതിനാൽ സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാർ രാത്രിയിലും ഓഫീസുകളിൽ തുടരേണ്ടിവരുന്നു. വീട്ടിലെത്തിയാലും ജീവനക്കാർ ജോലിസമ്മർദത്തിൽനിന്ന് മോചിതരാകുന്നില്ലെന്നും പരാതിയുണ്ട്.
അതത് ദിവസത്തെ ഡേറ്റ, കണക്കുകൾ തുടങ്ങിയവ കംപ്യൂട്ടറിൽ പ്രതിഫലിക്കുന്നതിൽ വലിയ കാലതാമസം വരുന്നുണ്ട്. ഓരോ ദിവസത്തെയും ഓഫീസ് ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞുള്ള ഡേ എൻഡ്, ഷിഫ്റ്റ് എൻഡ് പ്രവർത്തനങ്ങൾ രാത്രി 12 വരെ നീളുന്നു.
Content Highlights: server issues due to new software in india post services