സി.പി.എം. നേതാവ് ബേബി ജോൺ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
ബേബി ജോൺ
ബേബി ജോൺ

തൃശ്ശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ(75) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.

ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു ബേബി ജോൺ. മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം തൃശ്ശൂരിലെ സി.പി.എമ്മിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നായിരുന്നു. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ൽ പാർടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗമായി. 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്.

അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിൽവാസമനുഷ്ഠിച്ചു. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88-ലും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് ).

Content Highlights: Senior CPM leader Baby John passed away at the age of 75., He was a former state secretariat member and Thrissur district secretary., He contested the assembly elections from Manalur in 2011., He had been undergoing treatment for prolonged illness.