അഭിമന്യു കൊലക്കേസ് ; രേഖകൾ നഷ്ടമായത് ഗുരുതര വീഴ്ചയെന്ന് സീന ഭാസ്കർ

കൊച്ചി: ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ പേടിയാണെന്നും നീതി നൽകുമെന്ന് വിശ്വസിക്കുന്ന കോടതി പോലും അത് നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നതെന്നും അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതെ പോയ സംഭവത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു സീന ഭാസ്കർ.
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് കാണാതായി. കഴിഞ്ഞ വർഷം ഡിസംബറിലാണ് രേഖകൾ കോടതിയിൽ നിന്ന് കാണാതായത്. ചാർജ് ഷീറ്റ്, പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് നഷ്ടമായത്. രേഖകൾ കണ്ടെത്താൻ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെയാണ് ശിരസ്തദാർ ഈ വിവരം ഹൈക്കോടതിയെ അറിയിച്ചത്. ഈ മാസം പതിനെട്ടിന് അഭിമന്യൂ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് രേഖകൾ നഷ്ടമായിരിക്കുന്നത്.
പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നത്. എനിക്കും ബ്രിട്ടോക്കും മാനസികമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു അഭിമന്യൂ. ഒരു ഉറമ്പിനെപോലും കൊല്ലരുതെന്ന് ആഗ്രഹിച്ചവൻ. അവനെ കൊലപ്പെടുത്തിയതിന്റെ രേഖകളാണ് ഇപ്പോൾ നീതിപീഡത്തിന് മുന്നിൽ നിന്നും നഷ്ടമായിരിക്കുന്നത്. കോടതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. ഇനി നഷ്ടമായ രേഖകളൊക്കെ എത്തരത്തിലാണ് വീണ്ടെടുക്കാൻ സാധിക്കുകയെന്നും സീന ഭാസ്കർ ചോദിക്കുന്നു.
അതേസമയം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ നഷ്ടമായിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുയാണ് ചെയ്തത്.
2018 ജൂലൈ 2ന് പുലർച്ചെയാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കേസന്വേഷണം പൂർത്തിയാക്കി സെപ്തംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രധാനമായ പതിനൊന്ന് രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻ ഐ എ അഭിമന്യൂ കേസിന്റെ വിവരങ്ങൾക്കായി കോടതിയെ സമീപിച്ചപ്പോഴാണ് രേഖകൾ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സെഷൻസ് കോടതി നോട്ടീസ് നൽകി. മാർച്ച് 17-നു മുൻപ് എതിർപ്പുണ്ടെങ്കിൽ അറിയിക്കാനാണ് നിർദേശം. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പുകൾ പ്രോസിക്യൂഷനിൽ നിന്നാണ് തേടിയിരിക്കുന്നത്.
രേഖകൾ മാറ്റിയവരെ സമൂഹത്തിന് മുന്നിൽ എത്തിക്കണം- സഹോദരൻ പരിജിത്ത്
വിചാരണ തുടങ്ങാനിരിക്കെ സുപ്രധാന രേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ട്. നീതി പീഡത്തിൽ നിന്നാണ് രേഖകൾ കാണാതെ പോയത്. എങ്ങനെയാണ് കോടതിയെ വിശ്വസിക്കുക. ഇത് എങ്ങനെയാണ് നഷ്ടമായതെന്നും ആരാണ് കൊണ്ടുപോയതെന്നും സമൂഹത്തിന് മുന്നിൽ കൊണ്ടുവരണം. രേഖകൾ മാറ്റിയവരെ സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്ന് അഭിമന്യൂവിന്റെ സഹോദരൻ പരിജിത്ത് പറഞ്ഞു.
രേഖകൾ എങ്ങനെ നഷ്ടമായിയെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണം- എസ് എഫ് ഐ
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണം എസ്.എഫ്.ഐ. ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ സ. അഭിമന്യുവിൻ്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. കുറ്റപത്രം ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജൻ്റുമാരായി കോടതിയിൽ പ്രവർത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണം. കേസിൻ്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് സ. അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണ- കെ സുരേന്ദ്രൻ
അതേസമയം കോടതിയിൽ നിന്ന് രേഖകൾ നഷ്ടമായതിനെതിരേ സി പി എമ്മിനെതിരേ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ രേഖകള്‍ നഷ്ടമായത് ഉദ്യോഗസ്ഥർ തലത്തിലുള്ള കളികള്‍ മാത്രമല്ലെന്നും രാഷ്ട്രീയ തലത്തിലുള്ള കളികളാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണയാണുള്ളത്. സിദ്ധാര്‍ഥന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മും എസ്എഫ്‌ഐയും ആ കേസില്‍ അങ്ങനെയൊരു മുഖം സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Content Highlights: seena bhaskar response on abhimanyu murder case documents missing