കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം; ഗുരുവായൂരമ്പല നടയിൽ നിധിന് താലിചാർത്തി മാർട്ടിൻ

കൊച്ചി: ചിങ്ങത്തിലെ ചോതിയിൽ ഗുരുവായൂരമ്പല നടയിൽ കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേ.
മലയാളിയും എറണാകുളം പിറവം പാമ്പാക്കുട സ്വദേശിനിയുമായ നിധിൻ ചന്ദിനെയാണ് മാർട്ടിൻ താലിചാർത്തിയത്. ഏകദേശം 10 വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. നിധിന്റെ 22-കാരനായ മകൻ വേദിക് ശങ്കറും ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി.
‘ഗുരുവായൂരപ്പന്റെ വലിയ ഭക്തയാണ് ഞാൻ. പണ്ടത്തെ ഒരു വലിയ പ്രാർത്ഥനയും വഴിപാടുമായിരുന്നു എന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് നടത്തണം എന്നത്. ഞങ്ങൾ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോൾതന്നെ അക്കാര്യം മാർട്ടിനോട് പറഞ്ഞിരുന്നു. പക്ഷേ, ഇതിനുമുൻപും ഒരുമിച്ച് ഗുരുവായൂരിൽ വന്നിട്ടുണ്ടെങ്കിലും വിവാഹം നടത്താൻ സാധിച്ചില്ല. വളരെ കുറഞ്ഞ സമയംമാത്രമാണ് വിവാഹ ഒരുക്കങ്ങൾക്കായി ലഭിച്ചത്. വിദേശത്തുള്ള മാർട്ടിന്റെ മാതാപിതാക്കൾക്കും സഹോദരി സൂസനും ആരോഗ്യപ്രശ്നങ്ങളും വിമാനയാത്രയോടുള്ള പേടിയും കാരണം വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നുള്ളതാണ് ഇപ്പോഴത്തെ സങ്കടം. മാർട്ടിൻ ഇപ്പോൾ നമസ്കാരം, ഭക്ഷണം കഴിച്ചോ, വെള്ളം വേണം തുടങ്ങി കുറച്ച് മലയാളം വാക്കുകൾ പഠിച്ചിട്ടുണ്ട്. കൂടാതെ നമ്മുടെ ആചാരങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പഠിക്കാൻ ശ്രമിക്കുന്നുണ്ട്’, നിധിൻ ചന്ദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സ്‌റ്റുഡൻ്റ് വീസയിൽ 2008-ലാണ് നിധിൻ ചന്ദ് യുകെയിലേക്ക് പോയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ് പൂർത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്‌മെൻ്റിൽ മാസ്‌റ്റേഴ്‌സിനായി യുകെയിലേക്ക് പോയത്. ഇമിഗ്രേഷൻ പ്രശ്നവുമായി ബന്ധപ്പെട്ട് സഹായം തേടിയാണ് യുകെ പാർലമെന്റിൽവെച്ച് മാർട്ടിനെ നിധിൻ ആദ്യമായി കാണുന്നത്.
താൻ വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും മാർട്ടിനെ അറിയിച്ചെങ്കിലും മാർട്ടിൻ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വെറ്ററിനറി ഫീൽഡ് ഓഫിസറായി വിരമിച്ച പാമ്പാക്കുട കുന്നത്തോത്ത് കെ.എൻ. ചന്ദ്രന്റേയും പാമ്പാക്കുട മുൻ ഗ്രാമപഞ്ചായത്തംഗമായ രാജമ്മയുടേയും ഏക മകളാണ് നിധിൻ.
Content Highlights: Scottish Member of Parliament Martin Day married Kerala native Nithin Chand at the Guruvayur Temple., The couple tied the knot after a 10-year relationship, fulfilling Nithin's long-time prayer and wish., Nithin Chand originally moved to the UK on a student visa in 2008 and met Martin Day during an immigration assistance visit., Martin Day is learning basic Malayalam words and local cultural traditions.