റിനിക്കൊപ്പം വെട്ടിയൊട്ടിച്ച സരിന്റെ ചിത്രം; ടീമിലേക്ക് പണിയറിയാവുന്നവരെ റിക്രൂട്ട് ചെയ്യെന്ന് സൗമ്യ

Photo: facebook.com/drsoumyasarin/
Photo: facebook.com/drsoumyasarin/

പാലക്കാട്: ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന സിപിഎം നേതാവ് ഡോ. പി. സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെ പരിഹസിച്ച് ഭാര്യ സൗമ്യ സരിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൗമ്യ സരിന്റെ പരിഹാസം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ നിരവധി ആരോപണങ്ങള്‍ പുറത്തുവരികയും അദ്ദേഹത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്‌ക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ രാഹുലിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരേ സരിന്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിനി ആന്‍ ജോര്‍ജിനൊപ്പം സരിന്റെ ഫോട്ടോ വെട്ടിയൊട്ടിച്ച തരത്തിലുള്ള ചിത്രം പ്രചരിപ്പിക്കപ്പെട്ടത്.

ഈ ഫോട്ടോ തന്റെ പോസ്റ്റുകള്‍ക്കുതാഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണെന്നു പറഞ്ഞാണ് സൗമ്യയുടെ കുറിപ്പ് തുടങ്ങുന്നത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കല്‍ ചിത്രം താന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നു പറഞ്ഞ സൗമ്യ, ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാന്‍ കഴിവുള്ള ആരും അവിടെ ഇല്ലേ എന്നും ചോദിക്കുന്നുണ്ട്. 1996-ല്‍ താന്‍ കണ്ട ഇന്ദ്രപ്രസ്ഥം എന്ന സിനിമയില്‍ പോലും ഇതിലും അടിപൊളിയായി ഇതൊക്കെ ചെയ്തുവെച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചുപേരെ റിക്രൂട്ട് ചെയ്യണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

Content Highlights: CPM leader Sarin`s wife, Soumya, mocks edited photos of him with actress Rini circulating online.