'നിറംപറഞ്ഞ് അധിക്ഷേപിച്ചത് ഉന്നതൻ, ക്ഷമാപണം നടത്തിയിട്ടില്ല'; ശാരദാ മുരളീധരൻ ഇന്ന് വിരമിക്കുന്നു

തിരുവനന്തപുരം: തന്റെ നിറത്തെക്കുറിച്ച് അധിക്ഷേപിച്ചത് ഉന്നതനാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. പിന്നീടും അദ്ദേഹവുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ക്ഷമാപണമൊന്നും നടത്തിയിട്ടില്ല -അവർ പറഞ്ഞു.
ആ പരാമർശം വന്നത് രാഷ്ട്രീയനേതാവിൽനിന്നാണോ ഉദ്യോഗസ്ഥനിൽ നിന്നാണോയെന്ന് ശാരദാ മുരളീധരൻ വെളിപ്പെടുത്തിയില്ല. ബുധനാഴ്ചയാണ് ശാരദാ മുരളീധരൻ വിരമിക്കുന്നത്.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിന്റെയും തന്റെയും ഭരണകാലങ്ങൾ ഇരുവരുടെയും നിറംപോലെ വ്യത്യസ്തമാണെന്ന ആക്ഷേപം നേരിട്ടെന്ന ശാരദയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
വേണുവിന്റെ പിൻഗാമിയായി കഴിഞ്ഞവർഷം ഓഗസ്റ്റ് 31-നാണ് ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. ദമ്പതിമാർ തുടർച്ചയായി ചീഫ് സെക്രട്ടറിമാരാവുന്നത് സംസ്ഥാനചരിത്രത്തിൽ ആദ്യമായിരുന്നു.
1990 ബാച്ചിലെ ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം സ്വദേശിയായ ശാരദ. സ്ത്രീ ശാക്തീകരണത്തിൽ ലോകം ശ്രദ്ധിച്ച മാതൃകയായ കുടുംബശ്രീ മിഷന് ആറുവർഷം നേതൃത്വംനൽകി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയും കേരളത്തിൽ തദ്ദേശഭരണ വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. ഇനി യാത്രകൾക്കും സ്വസ്ഥജീവിതത്തിനുമായി സമയം നീക്കിവെക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശാരദാ മുരളീധരൻ പറഞ്ഞു.
ശാരദയ്ക്കുശേഷം കേരളത്തിന്റെ അമ്പതാമത്തെ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ബുധനാഴ്ച വൈകുന്നേരം നാലിന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. ശാരദാ മുരളീധരന് ആ ചടങ്ങിൽ യാത്രയയപ്പ് നൽകും.
Content Highlights: sarada muraleedharan hints person insulted her colour basis