തിരഞ്ഞെടുപ്പ് ഫലം UDF പരിശോധിക്കണം, വിവാദങ്ങളിൽനിന്ന് പാഠമുൾക്കൊള്ളണം; വിമർശിച്ച് സമസ്ത മുഖപത്രം

കോഴിക്കോട്: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് സമസ്ത മുഖപത്രം 'സുപ്രഭാതം'. തുടർച്ചയായ വിവാദങ്ങൾ ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ചോയെന്ന് പരിശോധിക്കണമെന്നും സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ സുതാര്യത വേണമെന്നും 'ആദ്യപരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.
മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി 135 ദിവസത്തിനിടെ ഉയർന്നുവന്ന വിവാദങ്ങളെല്ലാം ഭരണത്തിന്റെ ശൈശവദശയിലെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി ചുരുക്കിക്കാണുക എളുപ്പമാണ്. എന്നാൽ ഇന്നലെ പുറത്തുവന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ, ഭരണത്തിന്റെ ആദ്യനാളുകളിൽതന്നെ ജനങ്ങളുടെ മനസിൽ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യു.ഡി.എഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിത് എന്നാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ യു.ഡി.എഫിന് ക്ഷീണവും എൽ.ഡി.എഫിന് നേട്ടവുമാണ് കാണുന്നത്. സംസ്ഥാനത്തിൻ്റെ ഭരണം കൈയാളുന്ന യു.ഡി.എഫിന് സിറ്റിങ് സീറ്റുകൾ നഷ്‌ടപ്പെട്ടുവെന്നുമാത്രമല്ല, ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
102 സീറ്റുമായി അധികാരത്തിൽ വന്ന യു.ഡി.എഫിന് നാലു മാസം തികയ്ക്കും മുൻപേ എന്തുകൊണ്ട് ഇങ്ങനെ തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നിട്ട ഏതാനും മാസങ്ങൾക്കിടെ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നുവന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഉണർത്തുന്നതാണ് ഇത്. സാധാരണ വോട്ടർമാരെ ഇതൊക്കെ ആശയക്കുഴപ്പത്തിലാക്കിയെങ്കിൽ കുറ്റംപറയാൻ ആവില്ല.
കാര്യം, സർക്കാരിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ ഈ ചെറിയ കാലത്തിനിടക്ക് വല്ലാതെയുണ്ടായി. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങൾ, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ് സംബന്ധിച്ച സംശയങ്ങൾ, ഔദ്യോഗിക ബോർഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം... ഇതൊക്കെ സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം ഉണ്ടായിട്ടും അധികാരസ്ഥാനത്തിരിക്കുന്നവർ സ്വകാര്യസൗകര്യങ്ങൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങൾ നിലനിൽക്കുന്നു. ചെറിയ വിവാദങ്ങളെ രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയുന്നതിനു പകരം, അവയിൽനിന്ന് പാഠമുൾക്കൊള്ളണം. സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽ സുതാര്യത വേണം. നയപരമായ മാറ്റങ്ങളിൽ വ്യക്തത വേണം. മാധ്യമങ്ങളോടും വിമർശകരോടും കൂടുതൽ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം. അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിരുകൾ കൂടുതൽ കർശനമായി പാലിക്കണം.
Content Highlights: Samastha's mouthpiece highlights UDF's need for introspection after local election results show declining support and transparency issues in governance.