അണിഞ്ഞൊരുങ്ങി കുണിയ; കൊടിയുയരുന്നു മാലിക് ദീനാറിന്റെ മണ്ണിൽ

പ്രമുഖ പണ്ഡിതനും സമസ്തയുടെ സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന സി.എം. അബ്ദുള്ള മൗലവിയുടെ സ്മരണകളിരമ്പുന്ന മണ്ണിലാണ് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന് നാന്ദികുറിക്കുന്നത്.
35 വർഷത്തോളം കുണിയ മഹല്ല് ഖാസിയായിരുന്നു ചെമ്പരിക്ക ഖാസിയാർച്ച എന്നും സി.എം. ഉസ്താദ് എന്ന പേരിലും അറിയപ്പെട്ടിരുന്ന അബ്ദുള്ള മൗലവി.
നൂറ്റാണ്ടിന്റെ പൈതൃകവും ആദർശവിശുദ്ധിയും വ്യക്തമാക്കി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശനാടുകളിൽനിന്നുമുള്ള പ്രതിനിധികൾ എത്തിച്ചേരും. ഈ ചരിത്രസമ്മേളനം ഏറെ ഭംഗിയോടെ നടത്തുന്നതിനുവേണ്ടി മാസങ്ങളായി സമസ്ത നേതാക്കൾക്കൊപ്പം കുണിയനിവാസികളും രാപകലില്ലാതെ പ്രവർത്തിക്കുകയാണ്. സംഘാടകസമിതി ഭാരവാഹികളും പ്രവർത്തകരും ഇവിടെ ക്യാമ്പ് ചെയ്ത് കൈമെയ് മറന്ന് അധ്വാനിക്കുകയായിരുന്നു.
മക്ക, മദീന എന്നിവിടങ്ങളിൽനിന്നും വിവിധ രാഷ്ട്രങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും എത്തിക്കുന്ന നൂറ് പതാകകൾ കുണിയയിലെ സമ്മേളനനഗരിയിൽ ഉയരുന്നതോടെയാണ് സമ്മേളനനടപടികൾക്ക് തുടക്കമാകുന്നത്. ബുധനാഴ്ച വൈകിട്ട് നാലിന് തളങ്കരയിലെ മാലിക് ദീനാർ മഖാമിൽനിന്ന് ഘോഷയാത്രയായാണ് പതാകകൾ കുണിയയിലേക്ക് കൊണ്ടുവരുന്നത്.
33,313 പ്രതിനിധികളാണ് സമ്മേളനത്തിന്റെ ക്യാമ്പിൽ മുഴുവൻ സമയവും ഉണ്ടാകുക. പൂർണമായും ഓൺലൈൻ മുഖേനയാണ് ക്യാമ്പ് പ്രതിനിധികളെ തിരഞ്ഞെടുത്തത്.
ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ 10,000 പ്രതിനിധികൾക്ക് ദാഇറ എന്ന പേരിലുള്ള ക്യാമ്പും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം മുതൽ എട്ടിന് ഉച്ചവരെ 23,313 പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി 33,313 പേർക്കുള്ള പൊതുക്യാമ്പും നടക്കും. വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും.
കൂടാതെ ആയിരത്തിലധികം പേർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാറുകളും സമ്മേളനനഗരിയിലെ വിവിധ ഹാളുകളിൽ നടക്കും.
പ്രതിനിധികൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ
ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പുറത്തിറങ്ങാതെ എല്ലാ കാര്യങ്ങളും നിർവഹിക്കാനുള്ള സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ചൂടും പൊടിയും കടക്കാത്ത രീതിയിലുള്ള അതിസുരക്ഷയുള്ള ടെന്റ് സംവിധാനത്തിനകത്താണ് ക്യാമ്പ് നടക്കുക.
ക്യാമ്പിലും പൊതുസമ്മേളന നഗരിയിലും എക്സ്പോ മൈതാനത്തിന് സമീപത്തായും അടിയന്തര ചികിത്സകളും മറ്റും നടത്തുന്നതിനുവേണ്ടി മുപ്പതോളം കിടക്കകളുള്ള ചികിത്സാകേന്ദ്രങ്ങളും ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഉണ്ടാകും. വിദഗ്ധചികിത്സ ആവശ്യമായിവരികയാണെങ്കിൽ ജില്ലയിലെ ആശുപത്രികളിലേക്ക് മാറ്റാൻ ആവശ്യമായ 20 ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്.
ഇതിനുപുറമേ അടിയന്തര അപകടസാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും സമ്മേളനനഗരിയിലും ക്യാമ്പ് സൈറ്റിലും ഉണ്ടാകും. ക്യാമ്പിൽ തിരഞ്ഞെടുത്ത പ്രതിനിധികൾക്കും അനുബന്ധ ജീവനക്കാർക്കും മറ്റും പ്രത്യേകം തയ്യാറാക്കിയ ഭക്ഷണശാലയിൽനിന്ന് പാചകം ചെയ്യുന്ന ഭക്ഷണവും വെള്ളവും മാത്രമാണ് വിദഗ്ധരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുക.
ക്യാമ്പ് പ്രതിനിധികൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന-സമാപന സമ്മേളനങ്ങൾക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
സമ്മേളനത്തിന് എത്തുന്നവർക്ക് പ്രയാസങ്ങളില്ലാതെ സഞ്ചരിക്കാനുള്ള മാർഗങ്ങൾ ഏർപ്പെടുത്താൻ 3313 വിഖായ വൊളന്റിയർമാർക്ക് പുറമേ ജില്ലയിലെ നിയമപാലകസംഘവും ഉണ്ടാകും.
കൊടിയുയരുന്നു, മാലിക് ദീനാറിന്റെ മണ്ണിൽ
പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ അനുചരനായ (സ്വഹാബി) മാലിക്ബിനു ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതവാർഷിക സമ്മേളനത്തിന് കൊടിയുയരുകയാണ്. സുന്നീകൈരളിയുടെ ആധികാരിക പണ്ഡിതസഭയുടെ പ്രാസ്ഥാനിക ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കാവുന്ന സമ്മേളനത്തിനാണ് കാസർകോട് ജില്ലയിലെ കുണിയ എന്ന കൊച്ചുഗ്രാമം ആതിഥ്യമരുളുന്നത്.
10 വർഷം മുൻപ് ആലപ്പുഴയിൽ നടത്തിയ 90-ാം വാർഷിക സമ്മേളനം പ്രവർത്തകരുടെ പങ്കാളിത്തത്താലും സംഘാടനമികവിനാലും അച്ചടക്കംകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു മുൻപ് മലപ്പുറം വേങ്ങര കൂരിയാട്ട് നടത്തിയ 85-ാം വാർഷിക സമ്മേളനവും ചിട്ടയാർന്ന പ്രവർത്തനങ്ങളാൽ ഹൃദ്യമാർന്നു.
ഓരോ തവണ സമ്മേളനം പൂർത്തിയാക്കുമ്പോഴും പ്രവർത്തകർക്ക് പുതിയൊരു ദൗത്യം ഏൽപ്പിച്ചും കേരളത്തിലെ സംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം തീർത്തുമാണ് പിരിയാറുള്ളത്. ഇത്തവണയത് എന്തായിരിക്കുമെന്ന ആകാംക്ഷ പ്രവർത്തകർക്കും പൊതുസമൂഹത്തിനുമുണ്ട്.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) ജീവിച്ചിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ അനുചരൻമാരിലൂടെ ഇസ്ലാം മതം കേരളത്തിലെത്തിയിരുന്നു. മതപ്രബോധനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച സംഘത്തിൽ ഒന്നായ മാലിക് ബ്നു ദീനാറും സംഘവുമാണ് കേരള തീരത്തേക്കണഞ്ഞത്. ഈ സംഘം പണിത എട്ടാമത്തെ പള്ളിയാണ് തളങ്കരയിലെ മാലിക് ദീനാർ പള്ളി.
'സമസ്ത ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ നന്മയും മതേതരത്വവും'
? നൂറു വർഷം തികയ്ക്കുമ്പോൾ സമസ്ത അതിന്റെ ലക്ഷ്യങ്ങളെല്ലാം കൈവരിച്ചോ
ലക്ഷ്യം എന്ന് പറഞ്ഞാൽ ഇത്ര കാലഘട്ടത്തിനകത്ത് സാധിപ്പിച്ചെടുക്കുക എന്നതല്ലല്ലോ. ഇന്ത്യയുടെ എല്ലാവിധ നന്മയും കരുത്താർജിച്ച മതേതരത്വവുമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപവത്കരണം മുതൽക്കേയുള്ള ഒരു പ്രധാന ലക്ഷ്യം. മതേതരത്വം ഇവിടെ നിലനിർത്താൻവേണ്ടി ഞങ്ങളെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നു. മതസൗഹാർദത്തിനും മതേതരത്വ സ്വഭാവത്തിനുമൊന്നും പോറലേൽക്കാൻ പാടില്ലെന്ന് നിർബന്ധമുണ്ട് സമസ്തയ്ക്ക്. ഈ രാജ്യത്തെ എതിർക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോടൊക്കെ എതിർത്തുകൊണ്ട് അവരുടെ വാദങ്ങളെയും ആശയങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുകയെന്നുള്ളതാണ് സമസ്തയുടെ നിലപാട്. വിശുദ്ധമായ ഇസ്ലാമിന്റെ ആശയാദർശങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരെ എതിർക്കലാണ് മറ്റൊരു ലക്ഷ്യം. മതപരമായ വിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും പഠിപ്പിക്കണം. അതിന് കോട്ടമുണ്ടാകുന്നുണ്ടെങ്കിൽ ഇടപെടുകയാണ് മറ്റൊരു ലക്ഷ്യം.
? ഇനി മുന്നോട്ടുള്ള പ്രധാന കർമപദ്ധതികൾ എന്തൊക്കെയാണ്
കർമപദ്ധതികൾ കുറേയേറെയുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ സമസ്തയുടെ പ്രചാരണം. പതിനഞ്ചോളം പോഷകസംഘടനകൾ ഇപ്പോൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകൽ. വീടില്ലാത്തവർക്ക് വീടുവെച്ചുകൊടുക്കൽ. നിർധനർക്ക് ചികിത്സ തുടങ്ങി വിവിധങ്ങളായ സഹായപദ്ധതികൾ. കേരളത്തിലേത് പോലെ തമിഴ്നാട്ടിലും സമസ്തയുടെ വിദ്യാഭ്യാസ പഠനസംവിധാനങ്ങൾ നടപ്പാക്കും. ഹയർ എജുക്കേഷൻ സ്‌കോളർഷിപ്പ് നടപ്പാക്കും. ബെംഗളൂരു, ന്യൂഡൽഹി പോലുള്ള നഗരങ്ങളിൽ സമസ്തയുടെ കാര്യാലയങ്ങൾ വരും. പല നഗരങ്ങളിലും വിദ്യാർഥി ഹോസ്റ്റലുകൾ നിർമിക്കും. വിദേശ ഇന്ത്യക്കാരായ വിദ്യാർഥികളെ കൂടി കണക്കിലെടുത്ത് ഈ ലേണിങ് വിദ്യാഭ്യാസ സംവിധാനം നടപ്പാക്കും. മയക്കുമരുന്നിനും മദ്യത്തിനുമെതിരെയുള്ള ബോധവത്കരണം. ഇതിലകപ്പെട്ടുപോയവർക്കുള്ള പുനരധിവാസം. രാജ്യനന്മയ്ക്കുതകുന്നതരത്തിൽ ജനകീയ ബോധവത്കരണത്തിന് കൂടുതൽ പ്രസിദ്ധീകരണങ്ങൾ.
? മതനിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്. മുസ്ലിം സമുദായത്തിന് പ്രത്യേകിച്ച് ഇത് കൂടുതൽ ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തിൽ സമസ്തയ്ക്ക് വഹിക്കാവുന്ന ക്രിയാത്മകമായ പങ്കെന്താണ്
മനുഷ്യൻ എന്നുള്ള നിലയ്ക്കുള്ള പ്രവർത്തനങ്ങളാണുണ്ടാകേണ്ടത്. പൊതുനന്മയ്ക്ക് വേണ്ടിയാണ് ശബ്ദിക്കേണ്ടത്. അത് സമസ്ത ചെയ്യുന്നുണ്ട്. ഉദ്ബോധനം നടത്തുന്നുണ്ട്. പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും മതേതരത്വiത്തെ മുറുകെപ്പിടിക്കാൻ സമസ്ത നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മതസൗഹാർദവും സ്‌നേഹവും വളർത്തുന്നതരത്തിലുള്ള വലിയ ഇടപെടൽ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും.
?മുസ്ലിം സമുദായത്തിൽ വളരെ കുറഞ്ഞ വിഭാഗം മാത്രമുള്ള ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള രാഷ്ട്രീയചർച്ചകളാണ് ഇപ്പോൾ കേരളത്തിൽ ചൂടുപിടിക്കുന്നത്. ഇക്കാര്യത്തിൽ സമസ്തയുടെ കാഴ്ചപ്പാട് എന്താണ്
ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനോട് ആശയപരമായി സമസ്തയ്ക്ക് യോജിപ്പില്ല. ഇവിടെ മതരാഷ്ട്രമാക്കണമെന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയാണ് യോജിക്കാനാകുക. മുസ്ലിംകൾ മാത്രമേ ഇവിടെ പാടുള്ളൂവെന്ന് പറയുന്നതിനേക്കാൾ വലിയ തെറ്റുണ്ടോ. എല്ലാവരുടെയും ഒരുമയോടെയുള്ള ജീവിതത്തെയാണ് ആഗ്രഹിക്കേണ്ടത്. അതാണ് സമസ്തയുടെ ലക്ഷ്യവും നിലപാടും. മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള നിലപാടിലൂന്നിയാണ് സമസ്ത ഇതു പറയുന്നത്. രാഷ്ട്രീയപരമായി സമസ്തയ്ക്ക് ഒന്നും പറയാനില്ല. രാഷ്ട്രീയം ഓരോ ആളുടെയും ചോയ്സ് ആണ്.
?നൂറ്റാണ്ട് തികയ്ക്കുന്ന ഈ വലിയ സംഘടനയ്ക്ക് സമുദായത്തിനും സമൂഹത്തിനും നൽകാനാകുന്ന പ്രധാന സന്ദേശമെന്താണ്
മാനവഐക്യം എന്നതാണ് ഏറ്റവും വലിയ സന്ദേശമായി പറയാനുള്ളത്. നേരത്തെ പറഞ്ഞുവല്ലോ, രാജ്യത്തിന്റെ പൊതുനന്മയെ ലക്ഷ്യമിട്ട് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും പോരാടുകയും വേണം. മതസൗഹാർദത്തിലും സ്നേഹത്തിലുമൂന്നിയുള്ള യോജിച്ച പോരാട്ടം. യോജിപ്പെന്ന് പറഞ്ഞാൽ ഏതെങ്കിലും സമുദായമോ സംഘടനകളോ എന്നുള്ളതല്ല, മതസൗഹാർദ നിലപാടുള്ള എല്ലാവരും ചേർന്നുള്ള സ്‌നേഹപരമായ യോജിപ്പ്.
?നൂറാം വാർഷികവേളയിൽ സമസ്തയുടെ പ്രസിഡന്റായി ഇരിക്കാനുള്ള നിയോഗത്തെക്കുറിച്ച്
അത് ചോദിക്കണ്ടല്ലോ. വലിയ സന്തോഷം തന്നെ. സമസ്ത എന്ന് പറഞ്ഞാൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു സംഘടനയാണ്. അതിന്റെ പ്രസിഡന്റായി നിൽക്കുക എന്നത് തന്നെ വലിയൊരു സന്തോഷം തന്നെയല്ലേ.
മഹാന്മാർ സ്ഥാപിച്ച ഈ സംഘടനയുടെ നൂറാം വാർഷികം എന്നത് ചരിത്രപ്രസിദ്ധമാകുന്ന സംഗതിയാണ്. അതിനു നേതൃത്വം വഹിക്കാൻ കഴിയുക എന്നുള്ളതിനേക്കാൽ വലിയ സന്തോഷം മറ്റെന്താണ്.
Content Highlights: Witness the historic Samastha 100th Anniversary Conference in Kuniya, Kasaragod.