ജമാഅത്തെ ഇസ്ലാമിക്കെതിരേ നിലപാട് കടുപ്പിച്ച് സമസ്ത പ്രമേയം, മുഖ്യമന്ത്രി പങ്കെടുക്കും

#എം.ഷമീർ, കെ.കെ. സുബൈർ
സമസ്ത കുണിയ സമ്മേളന നഗരി
സമസ്ത കുണിയ സമ്മേളന നഗരി

കുണിയ: നാല്‌ ദിനരാത്രങ്ങൾ നീണ്ട ചർച്ചകളും സംവാദങ്ങൾക്കും ആത്മീയ-പ്രാർഥനാസദസ്സുകൾക്കും ഞായറാഴ്ച പരിസമാപ്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമ്മേളന സമാപനത്തിന്‌ ജനലക്ഷങ്ങൾ സാക്ഷികളാകും. നൂറാം വാർഷികസമ്മേളന ക്യാമ്പുകളിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും കർമപദ്ധതികളും യാഥാർഥ്യമാക്കുകയാണ് ഇനി പ്രവർത്തകരുടെ ലക്ഷ്യം.

ദേശീയപാതയോടു ചേർന്ന് കുണിയയിൽ പ്രത്യേകം തയ്യാറാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വൈകിട്ട് 4.30-നാണ് സമാപന പൊതുസമ്മേളനം. സമാപന സമ്മേളനത്തിൽ 10 ലക്ഷത്തോളം പ്രവർത്തകർ കുണിയയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ശുഭ്രവസ്ത്രധാരികളായ പ്രവർത്തകരെത്തുന്നതോടെ കുണിയയിലെ സമാപനവേദി പാൽക്കടലായി മാറും.

സമാപന പൊതുസമ്മേളനം ഈജിപ്തിലെ അൽ അസ്ഹർ ഇസ്‌ലാമിക് സർവകലാശാല റെക്ടർ ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ശതാബ്ദി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

ജമാഅത്തെ ഇസ്‌ലാമിക്കെതിരേ നിലപാട് കടുപ്പിച്ച് സമസ്ത

ജമാഅത്തെ ഇസ്‌ലാമിക്കെതിരേ നിലപാട് കടുപ്പിച്ച് സമസ്ത. ഇസ്‌ലാമിന്റെ സമാധാനപരമായ പ്രബോധനശൈലിയെയും മഹത്തുക്കളായ മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ ഇസ്‌ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സമസ്ത ശതാബ്ദി സമ്മേളനം മുന്നറിയിപ്പുൽകി.

“മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്‌ലിംയുവാക്കളെ മുഖ്യധാരയിൽനിന്ന് വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷമാധ്യമങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴി നടത്തുന്ന ബൗദ്ധികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജൻഡകളെയും തിരിച്ചറിയണം. സുന്നിപൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ച് ഇത്തരം വിഘടനവാദചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും രംഗത്തിറങ്ങണം-സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു.

ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് സമസ്തയുടെ നിലപാട്. ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായി യോജിക്കാനാകില്ലെന്ന് ജിഫ്രി തങ്ങൾ സമ്മേളനത്തിന് മുൻപ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.

മതരാഷ്ട്രസങ്കല്പം ജമാഅത്തെ ഇസ്‌ലാമിക്കില്ലെന്നാണ് കേരള അമീർ പി. മുജീബ് റഹ്‌മാൻ ഈയിടെ പറഞ്ഞത്. എന്നാൽ ആരാധനാകർമങ്ങൾ പൂർണമാകണമെങ്കിൽ ഇസ്‌ലാമികരാഷ്ട്രവും ഭരണകൂടവും ഉണ്ടാകേണ്ടതുണ്ടെന്ന ഷൂറ അംഗം ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ 2021-ലെ പ്രസംഗം ഈയിടെ പുറത്തുവന്നിരുന്നു. ഇസ്‌ലാമിക റിപ്പബ്ലിക്കിനെ വിശ്വാസികൾക്ക് തള്ളിപ്പറയാനാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കിലും കുറിച്ചു. ഈ നിലപാടിനെ സംഘടന ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ ജമാഅത്തുമായി യു.ഡി.എഫ്. കൂട്ടുകൂടുന്നുവെന്നായിരുന്നു എൽ.ഡി.എഫിന്റെ ആരോപണം. അങ്ങനെയൊരു സഖ്യമില്ലെന്നും വെൽഫെയർ പാർട്ടിയുമായി ചില നീക്കുപോക്കുകൾ തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നുവെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നത്. വെൽഫെയർ പാർട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ തണലിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു എൽ.ഡി.എഫ്. വിമർശം. യു.ഡി.എഫിന്റെ വലിയ വോട്ടുബാങ്കായി കരുതപ്പെടുന്ന ഇ.കെ. വിഭാഗം സമസ്ത അതിന്റെ നൂറാംവാർഷിക വേളയിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ കടുത്ത വിമർശം ഉയർത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയേക്കും.

ഇത് മതസൗഹാർദം അട്ടിമറിക്കുന്ന കാലം -ഡോ. കെ.കെ.എൻ. കുറുപ്പ്

മതസൗഹാർദം അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു. സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'നമ്മുടെ ഇന്ത്യ' സാംസ്കാരിക സംഗമത്തിൽ 'രാഷ്ട്രത്തിന്റെ അടിവേരുകൾ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകായിരം ജനവിഭാഗങ്ങൾ ചേർന്ന് കെട്ടിപ്പടുത്ത രാജ്യമാണ് നമ്മുടേത്. വൈവിധ്യമാണ് അതിന്റെ കരുത്ത്. അത് തകർക്കാൻ അനുവദിക്കരുത് -അദ്ദേഹം പറഞ്ഞു.

എസ്‌.വൈ.എസ്. ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാസിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ സാംസ്കാരിക സംഗമം ഉദ്ഘാടനംചെയ്തു. ഡോ. ജിന്റോ ജോൺ ബഹുസ്വരതയുടെ ഭംഗി എന്ന വിഷയം അവതരിപ്പിച്ചു. വൈവിധ്യങ്ങളുടെ മേൽവിലാസമാണ് ഇന്ത്യയെന്നും അപരനെക്കുറിച്ചുള്ള കരുതലിന്റെ പേരാണ് ബഹുസ്വരതയെന്നും അദ്ദേഹം പറഞ്ഞു.

സർഗാത്മക ന്യൂനപക്ഷം എന്ന വിഷയം അഡ്വ. ഷിബു മീരാനും ഉലമാഉം രാഷ്ട്രനിർമിതിയും എന്ന വിഷയം ഡോ. ശബീർ ഹസനിയും അവതരിപ്പിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ., ഇ.എസ്. ഹസൻ ഫൈസി തുടങ്ങിയിവർ സംസാരിച്ചു.

ദേശീയ വിദ്യഭ്യാസ കോൺക്ലേവ് പ്രൊഫ. നവേദ് ഇഖ്ബാൽ ഉദ്ഘാടനംചെയ്തു. എസ്.എൻ.ഇ.സി. ഗവേണിങ് കൗൺസിൽ കൺവീനർ മാന്നാർ ഇസ്മായിൽ അധ്യക്ഷതവഹിച്ചു. ഹാരിസ് ബീരാൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധി സെഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.

സമസ്ത ഉൾക്കൊള്ളലിന്റെ പ്രസ്ഥാനം -പി.എസ്. ശ്രീധരൻ പിള്ള

സമസ്ത സർവ മനുഷ്യരെയും ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ്ഥാനമാണെന്നും അതുകൊണ്ടാണ് ഇന്ത്യപോലുള്ള ബഹുസ്വര സമൂഹത്തിൽ ഈ പ്രസ്ഥാനത്തിന് നൂറുവർഷം അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കഴിഞ്ഞതെന്നും ഗോവ മുൻ ഗവണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാധ്യമ സെമിനാറിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. രാജ്യപുരോഗതിക്കും ഐക്യത്തിനുംവേണ്ടി എല്ലാ പ്രസ്ഥാനങ്ങളും ഒരുമയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. വയർ ന്യൂസ് സ്ഥാപക എഡിറ്റർ എം.കെ. വേണു സെമിനാർ ഉദ്ഘാടനംചെയ്തു.

സമസ്ത സഹിഷ്ണുത പകരുന്ന പ്രസ്ഥാനം- മണിശങ്കർ അയ്യർ

സമസ്ത വളർത്തിയ മദ്രസാപ്രസ്ഥാനത്തിന്റെ പ്രതിഫലനമാണ് കേരളത്തിൽ നിലനിൽക്കുന്ന സാമൂഹികമൈത്രിയെന്ന് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞു. സമസ്ത നൂറാം വാർഷിക അന്താരാഷ്ട സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മൈത്രിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ സ്ഥാപിതനയംതന്നെ സാമൂഹികമൈത്രിയിലൂന്നിയതാണ്. വിദ്യാഭ്യാസരംഗത്ത് സമസ്ത നടത്തിയ ഇടപെടലുകൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായി.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., ടി.വി. ഇബ്രാഹിം എം.എൽ.എ., സി.ആർ. നീലകണ്ഠൻ, നവാസ് പൂനൂർ, അഹ്‌മദ് കബീർ ബാഖവി, അഷ്‌റഫ് താമരശ്ശേരി, ശാഹിദ് തിരുവള്ളൂർ, പി.കെ. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.

സമസ്ത പ്രതീക്ഷയുടെ പ്രകാശം പരത്തുന്നു -ടി. പത്മനാഭൻ

ഈ കെട്ടകാലത്ത് സമസ്ത പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന സംഘടനയാണെന്ന്‌ ടി. പത്മനാഭൻ പറഞ്ഞു. സർവമതസമഭാവനയാണ് കേരളത്തിന്റെ സവിശേഷത. ഇതിലൂന്നിയാണ് സമസ്തയുടെ പ്രവർത്തനങ്ങൾ.

മതേതരത്വത്തിന്റെ മഹാമാതൃകകൾ വിരചിതമായ നാടാണിത്. എന്നാൽ അത്തരം കഥകൾ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തെ മാറ്റിയെഴുതാൻ മടിക്കാത്ത ഭരണകൂടങ്ങൾ ഭരണഘടന മാറ്റിയെഴുതാനും മടിക്കില്ല. ഇന്ന് പാഠപുസ്തകങ്ങളിൽ ഗാന്ധിയും നെഹ്‌റുവും ആസാദുമില്ല. വിദേശത്ത് പോയാൽ ഗാന്ധിക്ക് വാഴ്ത്തുപാട്ട് പാടുന്നവർ ഇന്ത്യയിൽ ഗോഡ്‌സെയെ ആരാധിക്കുകയാണ്-ടി. പത്മനാഭൻ പറഞ്ഞു.

സമ്മേളന നഗരിയിൽ ഇന്ന്

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച പുലർച്ചെ 4.30-ന് സിദ്ദിഖ് നദ്‌വി ഉദ്‌ബോധനം നടത്തും. രാവിലെ ഒൻപതിന് വേദി ഒന്നിൽ 'നൂറ്റാണ്ടുകൾ' ക്യാമ്പ് സെഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുൾ റഹ്‌മാൻ നന്തി ഉദ്ഘാടനം ചെയ്യും. പാണക്കാട് മോയിനലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.

രാവിലെ 8.30-ന് വേദി രണ്ടിൽ നടക്കുന്ന പ്രവാസി സംഗമം ഡോ. പി.കെ.ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. അബൂബക്കർ അൽ ഖാസിമി ഖത്തർ അധ്യക്ഷത വഹിക്കും. വേദി മൂന്നിൽ നടക്കുന്ന ആഗോള പണ്ഡിത സംഗമം കൈറോയിലെ ലോക ഇസ്‌ലാമിക് സർവകലാശാല സെക്രട്ടറി ജനറൽ ഡോ. സാമി മുഹമ്മദ് റബീഅ് ശരീഫ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12.30-ന് ക്യാമ്പ് സമാപനം അസ്ഗറലി ഫൈസി ഉദ്ഘാടനം ചെയ്യും. തുടർന്ന് സമാപന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കും.