ശമ്പളപരിഷ്‌കരണം അടുത്ത സർക്കാരിന്റെ തലയിൽ; ഈ സർക്കാരിന്റെ കാലയളവിൽ നടപ്പാവാനിടയില്ല

#സ്വന്തം ലേഖകന്‍
2026-27 വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ്/ മാതൃഭൂമി
2026-27 വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ്/ മാതൃഭൂമി

തിരുവനന്തപുരം: സർക്കാർജീവനക്കാർ കാത്തിരുന്ന ശമ്പളക്കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെകാലത്ത് നടപ്പാക്കാനാവുമോയെന്ന് ആശങ്ക. റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷന് അനുവദിച്ച സമയം മൂന്നുമാസമാണ്. അതനുസരിച്ച് ഏപ്രിലിലേ റിപ്പോർട്ടാവൂ. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ചിൽ വന്നേക്കും. ഇതോടെ, ഈ സർക്കാരിന്റെ കാലത്ത് ശമ്പളപരിഷ്‌കരണം നടപ്പാവാൻ സാധ്യത മങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കമ്മിഷന്റെ പ്രവർത്തനം മന്ദഗതിയിലാവുമെന്ന് സർവീസ് സംഘടനകൾ ആശങ്കപ്പെടുന്നു.

സർക്കാർ നിശ്ചയിച്ച സമയപരിധി പ്രായോഗികമല്ലെന്നാണ് മറ്റൊരു വാദം. ചരിത്രത്തിൽ ഇതുവരെ മൂന്നുമാസംകൊണ്ട് ഒരു ശമ്പളക്കമ്മിഷനും ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് എ.എം. ജാഫർ ഖാൻ പറഞ്ഞു.

എന്നാൽ, പരിഷ്‌കരിച്ച ശമ്പളം ഏപ്രിൽമുതലുള്ള പ്രാബല്യം കണക്കാക്കി നടപ്പാക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം റിപ്പോർട്ടായാലും നടപ്പാക്കാനുള്ള ബാധ്യത പുതിയ സർക്കാരിനായിരിക്കും.

2023 ജൂലായ്മുതൽ 2025 ജൂലായ്വരെയുള്ള കാലത്തെ 15 ശതമാനം ക്ഷാമബത്ത സർക്കാർ ജീവനക്കാർക്കു കിട്ടാനുണ്ട്. ഇതിൽ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിലും ബാക്കി മാർച്ചിലെ ശമ്പളത്തോടൊപ്പവും നൽകുമെന്നാണ് പ്രഖ്യാപനം.

ഇതു നൽകാൻ 30,000 കോടിയിലേറെ രൂപ വേണം. 2021 മുതലുള്ള ക്ഷാമബത്തയിലെ കുടിശ്ശികയും നൽകാനുണ്ട്.

Content Highlights: Government employees` long-awaited pay revision is announced but implementation by the current government is unlikely due to election schedules. New government faces the task.