ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്- കേന്ദ്രം സുപ്രീം കോടതിയിൽ

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
Photo: mathrubhumi archives
Photo: mathrubhumi archives

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ വാദം എഴുതിനൽകി. കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത എഴുതിനൽകിയ വാദം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതിനാലാണ് വിലക്കെന്ന് കേന്ദ്രം എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേർക്കുവേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.

യുവതി പ്രവേശനം അനുവദിച്ചാൽ ശബരിമലയിലെ ആരാധനാസ്വഭാവം മാറും. ശബരിമല യുവതി പ്രവേശന വിലക്ക് ഏകപക്ഷീയമല്ല. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക്‌ അധികാരമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിധിയെയും കേന്ദ്രം സുപ്രീം കോടതിയിൽ ശക്തമായി വിമർശിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ കോടതികൾ പുറപ്പടുവിക്കുന്ന വിധി അതുപോലെ ഇന്ത്യയിൽ പകർത്തുന്നത് ശരിയായ പ്രവണതയല്ലെന്നാണ് കേന്ദ്ര നിലപാട്.

പഞ്ചാബിൽ രജിസ്റ്റർചെയ്ത സംഘടനയാണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഘടനയ്ക്ക് ശബരിമലയേക്കുറിച്ച് അറിയില്ലെന്നും കേന്ദ്ര സർക്കാർ എഴുതിനൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതൽ കേസിൽ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കോടതിയിൽ എഴുതിനൽകിയത്.

Content Highlights: Central government opposes the court verdict on women's entry in Sabarimala., Ayyappa is considered a Naishtika Brahmachari, justifying the tradition., Court should not interfere in centuries-old religious customs., The 2026 constitutional bench begins hearing arguments on the matter., The government argues against adopting foreign legal precedents for Indian customs.