ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് എന്താകും, തിരുത്തുമോ ?

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് എന്താകുമെന്നതാണ് ഉയരുന്ന ചോദ്യം.
യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബർ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സർക്കാരും എൽ.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയിൽ വ്യക്തമാക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. ആ ഘട്ടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം, സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുള്ളതുകൊണ്ടുമാത്രം ചെയ്യേണ്ടിവന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സ്ത്രീകൾ ശബരിമലയിൽ കയറിയതിൽ സർക്കാർ കാണിച്ച തിടുക്കവും ശ്രമവും ജനങ്ങളിൽ അമർഷമുണ്ടാക്കിയെന്ന് പാർട്ടിക്ക് ബോധ്യമായി. പിന്നീട്, യുവതികളാരും ശബരിമല കയറിയില്ല.
കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾ, യുവതീപ്രവേശനത്തിൽ സത്യവാങ്മൂലം തിരുത്തുമെന്ന് പറഞ്ഞിരുന്നു. അത് ഇപ്പോൾ പരിഗണിക്കേണ്ട കാര്യമല്ലെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അന്നു പറഞ്ഞത്.
അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചപ്പോൾ, അതുമായി സഹകരിക്കണമെങ്കിൽ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നതായിരുന്നു. എന്നാൽ, സർക്കാർ ഒന്നും പറഞ്ഞില്ല. പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിച്ചാലും പെട്ടെന്ന് നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Content Highlights: sabarimala entry of women kerala government stance