ശബരിമലനട നാളെ തുറക്കും; ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധം

#സ്വന്തം ലേഖകൻ
ശബരിമല സന്നിധാനം. പതിനെട്ടാംപടിക്ക് താഴെനിന്നുള്ള ദൃശ്യം | Photo: PTI
ശബരിമല സന്നിധാനം. പതിനെട്ടാംപടിക്ക് താഴെനിന്നുള്ള ദൃശ്യം | Photo: PTI

പത്തനംതിട്ട: ഭക്തകോടികളുടെ ശരണാരവം പൊന്നമ്പലനടയിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം ഞായറാഴ്ച തുറക്കും. ഇതിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നു.

പമ്പയിൽനിന്ന് നിലയ്ക്കലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്ത് റോഡിൽനിന്ന് അയ്യപ്പൻമാരെ മാറ്റിനിർത്താൻ ഇക്കുറി സ്ഥിരം ബാരിക്കേഡ് ഉണ്ടാകും. 3000 പേരെ ഉൾക്കൊള്ളാവുന്ന ജർമൻപന്തലുകൾ നിലയ്ക്കലും പമ്പയിലും പണിതുകഴിഞ്ഞു. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ടിന്റെ പണികളും നടക്കുന്നു.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 

6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല.

തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.

ഡിസംബർ 26-ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും.

ഡിസംബർ 30-ന് വൈകീട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് രാവിലെ രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും.

ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്.

പ്രതിദിനം 70000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ട്. 

Content Highlights: Sabarimala Dharma Sastha Temple opens for pilgrimage on Sunday, Jan 20. Final preparations complete. Book your darshan online for an unforgettable spiritual journey. Learn more!