മണ്ഡലകാല തീർഥാടനത്തിന് തുടക്കം: ശബരിമലനട ഇന്നു തുറക്കും; പ്രതിദിനം 80,000 പേർക്ക് ദർശനം

ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ശബരിമലനട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ച് നിയുക്ത മേൽശാന്തിമാരെ സന്നിധാനത്തേക്ക് ആനയിക്കും.
6.30-ഓടെ സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രത്തിൽ നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയുടെ അവരോധിക്കൽച്ചടങ്ങും നടക്കും. തിങ്കളാഴ്ച മറ്റു പൂജകൾ ഇല്ല.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും. ഡിസംബർ 27-നാണ് മണ്ഡലപൂജ. അന്നു രാത്രി നടയടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. മകരവിളക്ക് തീർഥാടനത്തിനായി 30-ന് വൈകീട്ട് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് നട അടയ്ക്കും.
പ്രതിദിനം 80,000 പേർക്ക് ദർശനം
പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധം. നിലയ്ക്കൽ-പമ്പ പാത വഴി 60000, എരുമേലി കാനനപാത വഴി 3000, വണ്ടിപ്പെരിയാർ-സത്രം പാത വഴി 3000 എന്നിങ്ങനെ 66,000 പേർക്ക് വെർച്വൽക്യൂവിൽ ബുക്കുചെയ്യാം. നിലയ്ക്കൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് അവസരമുണ്ട്.
പമ്പയിലേക്ക് കടത്തിവിടുക ഇന്ന് ഉച്ചയ്ക്കുശേഷം
തിങ്കളാഴ്ച 30,000 പേർക്കാണ് ദർശനത്തിന് അവസരം. ഉച്ചയ്ക്ക് 12-ന് ശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ.