മകരവിളക്കിന് മൂന്നുനാള്‍; ഇനി പ്രവേശനം ഒന്നരലക്ഷം പേർക്ക് മാത്രം

#രജീഷ് പി.രഘുനാഥ്
തങ്കയങ്കി സന്നിധാനത്ത് എത്തുന്നതിന്റെ ഭാഗമായി സന്നിധാനം ദീപാലംകൃതമാക്കുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
തങ്കയങ്കി സന്നിധാനത്ത് എത്തുന്നതിന്റെ ഭാഗമായി സന്നിധാനം ദീപാലംകൃതമാക്കുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

ശബരിമല: മകരവിളക്കിന് മൂന്നുനാള്‍ മാത്രം ശേഷിക്കെ, ശബരമലയിലെ വലിയ തിരക്ക് നിയന്ത്രിക്കാന്‍ നടപടി തുടങ്ങി. ഒരുദിവസം 10,000 പേര്‍ക്കുള്ള സ്പോട്ട് ബുക്കിങ് അടക്കം 80,000 പേര്‍ക്കായിരുന്നു ഇതുവരെ പ്രവേശനം. ഈ രീതി ശനിയാഴ്ചകൂടി തുടരും. തുടര്‍ന്ന് 12-ാംതീയതി 60,000, 13-ന് 50,000, 14-ന് മകരവിളക്ക് ദിവസം 40,000 പേര്‍ക്ക് എന്നിങ്ങനെയാണ് വെര്‍ച്വല്‍ക്യൂവിലൂടെയുള്ള പ്രവേശനം.

വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ് 5000 ആക്കി കുറച്ചു. മകരവിളക്ക് ദിവസം ഇത് 1000 ആക്കി ചുരുക്കും. ഈ കണക്കുകള്‍പ്രകാരം മകരവിളക്കുവരെ ശബരിമലയില്‍ എത്താനാകുന്നത് 2,46,000 പേര്‍ക്കാണ്. ഇതിനുപുറമേ പ്രത്യേക പാസ് വഴി വരുന്നതുകൂടി കണക്കാക്കുമ്പോള്‍ ഇതു രണ്ടരലക്ഷത്തിനു മുകളിലെത്തും. നിലവില്‍ സന്നിധാനത്തെത്തിയ ഭക്തരില്‍ ഭൂരിഭാഗവും മകരവിളക്കുവരെ ഇവിടെ തങ്ങുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തേക്ക് എത്തുന്നവരില്‍ പരമാവധി പേരും വിളക്കുവരെ ഇവിടെ തങ്ങാറാണ് പതിവ്. മകരവിളക്കുദിവസം പരമാവധി മൂന്നരലക്ഷം പേരില്‍ കൂടുതല്‍ സന്നിധാനത്തുണ്ടായാല്‍ നിയന്ത്രിക്കാനാകില്ല. ഇക്കാരണത്താലാണ് ഭക്തരുടെ വരവ് നിയന്ത്രിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌പോട്ട് ബുക്കിങ് പമ്പയില്‍നിന്ന് നിലക്കലേക്ക് മാറ്റി. 10 കൗണ്ടറുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കും. വാഹന പാര്‍ക്കിങ്ങും നിയന്ത്രിച്ചു. പമ്പ ഹില്‍ടോപ്പില്‍ 12-ന് രാവിലെ എട്ടുമുതല്‍ 15-ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ പാര്‍ക്കിങ് അനുവദിക്കില്ല. അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങളും മകരവിളക്ക് കഴിഞ്ഞിറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെ.എസ്.ആര്‍.ടി.സിയും മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളിലാണ് പാര്‍ക്കിങ്. തിരുവാഭരണ ഘോഷയാത്രയിലെ കൂടുതല്‍പേരും എത്തുന്ന വലിയാനവട്ടത്തും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

Content Highlights: Daily entry limit set with reduced spot booking for sabarimala makaravilaakk