നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനായില്ലെന്ന് SIT, പ്രതികൾ നൽകിയത് വളരെക്കുറച്ച്, നഷ്ടപ്പെട്ടത് അതിലേറെ

തിരുവനന്തപുരം: ശബരിമലയിൽനിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയിൽ. കേസിലെ പ്രധാന പ്രതികളായ പങ്കജ് ഭണ്ഡാരിയും ഗോവർധനും അന്വേഷണ സംഘത്തിന് നൽകിയത് ശബരിമലയിലെ സ്വർണമാണെന്ന് ഉറപ്പിച്ചിട്ടില്ല. ഇരുവരും സ്വർണം ഹാജരാക്കി തന്നതാണെന്നും എന്ന് എസ്.ഐ.ടി. റിപ്പോർട്ടിലുണ്ട്. കട്ടിളപ്പാളിയിലും ദ്വാരപാലക പാളികളിലും തൂണുകളിലെ പാളികളിലുമായി ഇതിൽ കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ടെന്നും എസ്.ഐ.ടി. റിപ്പോർട്ട് വ്യക്തമാക്കുന്നു.
പങ്കജ് ഭണ്ഡാരി ഹാജരാക്കിയത് 109.243 ഗ്രാം സ്വർണമാണ്. ഗോവർധൻ ഹാജരാക്കിയത് 474.960 ഗ്രാം സ്വർണം. ഇരുവരും ഹാജരാക്കിയത് സന്നിധാനത്തുനിന്ന് കൊണ്ടുപോയ മുഴുവൻ ഉരുപ്പടികളിലേയും സ്വർണം എന്ന പേരിലാണ്. എന്നാൽ കട്ടിളപ്പാളിയിലും ദ്വാരപാലക പാളികളിലും തൂണുകളിലെ പാളികളിലുമായി ഇതിൽ കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ട്. അന്വേഷണം നടക്കുന്നത് നഷ്ടമായ ഈ സ്വർണംകൂടി കണ്ടെത്താനാണെന്നും എസ്.ഐ.ടി. കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
കട്ടിളപ്പാളി ഏഴ് പാളികളെന്നാണ് എസ്.ഐ.ടി കോടതിയിൽ പറഞ്ഞത്. കട്ടിളയിൽ പതിപ്പിച്ചിരുന്ന ഏഴ് പാളികളാണ് ഇളക്കിയെടുത്തത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളി, രാശി ചിഹ്നങ്ങളുള്ള രണ്ട് പാളികളും മുകൾപ്പടി പാളികളും വ്യാളീരൂപവും ശിവരൂപവും അടങ്ങുന്ന പ്രഭാമണ്ഡലവുമാണ് കട്ടിളപ്പാളിയിൽ ഉൾക്കൊള്ളുന്നതെന്ന് എസ്.ഐ.ടി. കോടതിയിൽ വ്യക്തമാക്കി. കൂടുതൽ ഉരുപ്പടികളിലെ സ്വർണം കവർന്നിട്ടില്ല.
ഉണ്ണികൃഷ്ണൻ പോറ്റിയേയും പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും ബുധനാഴ്ച എസ്.ഐ.ടി. ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനായി എസ്.ഐ.ടി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയത്.
Content Highlights: Sabarimala Gold Theft Investigation: Missing Loot Unaccounted for, SIT Tells Court