ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിനായി എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

#ന്യൂസ് ഡെസ്‌ക്
കേരള ഹൈക്കോടതി, സ്വർണപ്പാളി പൊതിഞ്ഞ ദ്വാരപാലകശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുംമുൻപ്‌ (ഫയൽചിത്രം) | Photo: special arrangement
കേരള ഹൈക്കോടതി, സ്വർണപ്പാളി പൊതിഞ്ഞ ദ്വാരപാലകശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുംമുൻപ്‌ (ഫയൽചിത്രം) | Photo: special arrangement

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി. കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഇഡിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്‌ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാം.

എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് ഈ നടപടികളൊക്കെ നടന്നത്. ആ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്‌ഐടി കോടതിയെ അറിയിച്ചു.

നേരത്തേ ആറാഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.

Content Highlights: Kerala High Court grants Special Investigation Team (SIT) one more month to complete the Sabarimala gold smuggling case investigation. ED can approach magistrate court for FIR copy. Learn more.