ആര്യാ രാജേന്ദ്രൻ എന്നേക്കാൾ മികച്ച മേയർ, സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല- വി. ശിവൻകുട്ടി

#ന്യൂസ് ഡെസ്ക്
ആര്യാ രാജേന്ദ്രൻ, വി. ശിവൻകുട്ടി | Photo: മാതൃഭൂമി
ആര്യാ രാജേന്ദ്രൻ, വി. ശിവൻകുട്ടി | Photo: മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ കാരണങ്ങൾ പാർട്ടിയിൽ ചർച്ചചെയ്തശേഷമേ പറയാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുന്നു. ജനവിധിയെ മാനിക്കുന്നു. വോട്ടിങ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുമ്പോട്ട് വരും, വി. ശിവൻകുട്ടി പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോ എന്ന ചോദ്യത്തിന്, ജനാധിപത്യപരമായി അധികാരത്തിൽവന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം മറുപടിനൽകി.

തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ എന്ന് എല്ലാവരും പറഞ്ഞേനെയെന്നും തന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം തിരുവനന്തപുരം മേയർ ആയിരുന്നയാളാണ് ഞാൻ. ഞാൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ട്", മന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ബാധിച്ചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ലേബർ കോഡുകൾക്കെതിരേ കേരളം പ്രതിരോധം തീർക്കും. ബദൽ തൊഴിൽ നയം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19-ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Kerala Minister on Local Polls: Sabarimala Gold Seizure Not a Factor, Focus on Future Strategies