കടകംപള്ളിയെ ചോദ്യംചെയ്തത് ഹൈക്കോടതിയെ ഭയന്ന്; പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലിൽ

തിരുവനന്തപുരം: ശബരിമല സ്വർണാപഹരണക്കേസിൽ പ്രതികളുടെ മൊഴികളിൽ പരാമർശിക്കപ്പെട്ടവരിൽനിന്ന് വിശദീകരണം തേടാത്തത് ഹൈക്കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ഇക്കാര്യം പൂർണമായും അന്വേഷിച്ച് വസ്തുത കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഈ സാഹചര്യത്തിലാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
സർക്കാരിനേൽക്കുന്ന പരിക്ക് കുറയ്ക്കാൻ കൂടിയാണ് മൊഴിയെടുത്തതെന്ന വ്യാഖ്യാനവും വരുന്നുണ്ട്. പ്രതികളുടെ വെളിപ്പെടുത്തലും കടകംപള്ളിയുടെ മൊഴിയും ഒത്തുനോക്കി വസ്തുത പരിശോധിച്ചാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുക. ചോദ്യംചെയ്യാതെ ഒഴിവാക്കിയാൽ മതിയായ കാരണം രേഖപ്പെടുത്തേണ്ടിവരും. തെളിവുകളില്ലാതെ ഒഴിവാക്കിയാൽ അന്വേഷണസംഘത്തിന് വീണ്ടും വിമർശനം കേൾക്കേണ്ടിയുംവരും.
പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലിൽ
കടകംപള്ളി ഒരു പരിധിവരെ സുരക്ഷിതനാണെങ്കിലും പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലിലാണെന്നാണ് ലഭ്യമാകുന്ന വിവരം. എല്ലാം ചട്ടപ്രകാരമെന്ന് അവകാശപ്പെടുമ്പോഴും 2025-ലെ ഭരണസമിതിയുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പോറ്റിക്ക് ആനുകൂല്യം നൽകിയ നടപടി സാധൂകരിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. സംശയകരമായ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നടപടികൾക്ക് ക്ലീൻചിറ്റ് നൽകാൻ അന്വേഷണസംഘത്തിന് അത്രപെട്ടെന്ന് കഴിയില്ലെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം അവശേഷിക്കേ, ഹൈക്കോടതിയിൽ പ്രത്യേകാന്വേഷണസംഘം നൽകുന്ന റിപ്പോർട്ട് നിർണായകമാണ്.
സംശയമുനയിലുള്ള ഉന്നതർക്കെതിരേ എന്തെങ്കിലും പരാമർശമുണ്ടെങ്കിൽ എൽഡിഎഫിന് കടുത്ത പരീക്ഷണമായി മാറും. കോടതിയിൽനിന്ന് അന്വേഷണസംഘത്തിന് വിമർശനമേറ്റാലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.
എല്ലാം ചട്ടപ്രകാരം- പി.എസ്. പ്രശാന്ത്
ശബരിമലയിൽ തന്റെ കാലയളവിലെ നടപടികളെല്ലാം പൂർണമായും ചട്ടം പാലിച്ചിട്ടാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ മറുപടി. 2019-ലേതുപേലെ നടപടിക്രമം പാലിക്കാതെ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൊടുത്തുവിട്ടില്ല. ഉദ്യോഗസ്ഥർ പരിശോധിച്ച് തൂക്കം രേഖപ്പെടുത്തിയശേഷമാണ് ദ്വാരപാലകശില്പങ്ങൾ സ്വർണം പൂശാൻ കൈമാറിയത്. വാറന്റി നഷ്ടമാകാതിരിക്കാനാണ് മുരാരി ബാബുവിന്റെ ശുപാർശപ്രകാരം ഇവ കൈമാറിയതെന്നും പി.എസ്. പ്രശാന്ത് ആവർത്തിച്ചു.
പോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് സ്വാതന്ത്ര്യം അനുവദിച്ചത് തന്ത്രിയുടെ ആളെന്നനിലയിലാണെന്ന് പ്രശാന്ത് മൊഴി നൽകിയതായി അറിയുന്നു.
ഡി. മണിയെയും കൂട്ടാളികളെയും ചോദ്യംചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വിദേശവ്യവസായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സ്വദേശികളായ ഡി. മണി, ബാലമുരുഗൻ, ശ്രീകൃഷ്ണൻ എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് ഏഴുമണിവരെ നീണ്ടു.
ജാമ്യഹർജികൾ മാറ്റി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും സ്വർണവ്യാപാരി ഗോവർധന്റെയും ജാമ്യഹർജികൾ ക്രിസ്മസ് അവധിക്കുശേഷം ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി. അന്വേഷണം മന്ദഗതിയിലാണെന്നും വമ്പൻസ്രാവുകളിലേക്ക് എത്തുന്നില്ല എന്നുമാണല്ലോ പറയുന്നതെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അതിനിടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽരണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാരെക്കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ വി.പി. സുധീഷ്, പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ഡി. ഷിബുകുമാർ എന്നിവരെയാണ് ഉൾപ്പെടുത്തുക.
Content Highlights: Probe team questions former minister Kadakampally Surendran in Sabarimala gold scam case after High Court criticism. Details emerge.