പത്മകുമാറിനെതിരേ തിരക്കിട്ട് നടപടിയുണ്ടാകില്ല; പഴി പാര്‍ട്ടിയിലേക്കുവരാതെ പ്രതിരോധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരേ പാര്‍ട്ടി തിരക്കിട്ട് നടപടിയിലേക്കില്ല. പകരം പഴി പാര്‍ട്ടിയിലേക്ക് വരാതെനോക്കാനാണ് നീക്കം. കുറ്റവാളികളെയും കുറ്റകൃത്യത്തെയും പ്രതിരോധിക്കാനാകും ശ്രമിക്കുക.
അറസ്റ്റിനുപിന്നാലെത്തന്നെ നടപടിയുണ്ടായാല്‍ പത്മകുമാറിന്റെ ഭാഗത്തുനിന്ന് തെറ്റുസംഭവിച്ചുവെന്നത് പാര്‍ട്ടി അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സിപിഎമ്മിന് തിരിച്ചടിയാകും. പത്മകുമാറിനെതിരായ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നശേഷം ആവശ്യമെങ്കില്‍ നടപടികള്‍ ആലോചിക്കാമെന്നതാണ് പാര്‍ട്ടി നിലപാട്. പത്മകുമാര്‍ അറസ്റ്റിലായെങ്കിലും നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണെന്നാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ഇതേസമയം, പത്മകുമാറിനെയും എന്‍. വാസുവിനെയും നായീകരിച്ച് പ്രതിരോധംതീര്‍ക്കാന്‍ പാര്‍ട്ടി മുതിരില്ല. ഇരുവരെയും ന്യായീകരിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് പൊതുബോധ്യത്തിന് എതിരായതിനാല്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ കുറ്റംചെയ്തവര്‍ ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.
നിലപാട് കുറിപ്പിലൂടെ
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു പിന്നാലെ നേതാക്കളായ പി. ജയരാജനും ഇ.പി. ജയരാജനും പാര്‍ട്ടി നിലപാടെന്തെന്നത് സാമൂഹികമാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും ഭരണവിഭാഗത്തിനും ഉണ്ടായ വീഴ്ചകളെയാണ് പി. ജയരാജന്‍ കുറ്റപ്പെടുത്തിയത്.
ഉദ്യോഗസ്ഥരെ നയിക്കുന്നതിലുണ്ടായ ഭരണപരമായ വീഴ്ചയാണ് മോഷണത്തിലേക്ക് നയിച്ചതെന്നു പറഞ്ഞ അദ്ദേഹവും പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
'ഫയലില്‍ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത് കറക്ട് ചെയ്യുന്നതില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പഴയ ദേവസ്വം കമ്മിഷണര്‍ക്കും വീഴ്ചപറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചു' -പി. ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് കാലത്തെ അഴിമതികളെയും ബിജെപി അഴിമതികളെയും എടുത്തുപറഞ്ഞ് അവയില്‍ ആ പാര്‍ട്ടികള്‍ക്ക് എന്ത് നിലപാടായിരുന്നുവെന്ന് കാട്ടുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് മുന്‍ മന്ത്രി ഇ.പി. ജയരാജനും പങ്കുവെച്ചത്.
പത്മകുമാറിനെ മുന്‍ ബോര്‍ഡംഗങ്ങള്‍ക്കൊപ്പം ചോദ്യംചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. വിശദമായ ചോദ്യംചെയ്യല്‍ അന്നുണ്ടാകും. മുന്‍ ബോര്‍ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ അന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് വിവരം. ബോര്‍ഡ് ഉദ്യോഗസ്ഥരെയും കമ്മിഷണറെയും കുറ്റപ്പെടുത്തിയാണ് പത്മകുമാര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയതെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ നേരത്തേ രണ്ടു ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനാണ് ഒരുമിച്ച് ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ആലോചിക്കുന്നത്.
Content Highlights: CPM postpones immediate action against A. Padmakumar in the Sabarimala gold scam case. Party aims to shield itself from blame as local elections approach. Details emerge.