ശബരിമലയിലെ തിരക്ക്; ദര്‍ശന സമയം കൂട്ടാനാകില്ലെന്ന് തന്ത്രി, ADGPയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി. ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂട്ടാനാകുമോ എന്ന കാര്യം തന്ത്രിയോട് ചോദിക്കാന്‍ നേരത്തേ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തന്ത്രി ബുദ്ധിമുട്ട് അറിയിച്ചത്.
ദര്‍ശനസമയം കൂട്ടാനാകില്ല എന്ന തന്ത്രിയുടെ മറുപടി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതോടെ ശബരിമലയിലെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയത്. തിരക്ക് നിയന്ത്രിക്കാനായാണ് ദര്‍ശനസമയം കൂട്ടുന്ന കാര്യം തന്ത്രിയോട് ചോദിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. സി.ആര്‍.പി.എഫിന്റെ സേവനം തേടുന്ന കാര്യവും കോടതി സിറ്റിങ്ങിനിടെ പരിഗണിച്ചിരുന്നു.
ഒരുലക്ഷത്തിലേറെ ഭക്തരാണ് കഴിഞ്ഞ ദിവസം മലകയറിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും കണക്കാക്കുമ്പോള്‍ ഇന്നും ഭക്തരുടെ എണ്ണം ഒരുലക്ഷം കടക്കും.
അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
Content Highlights: Sabarimala darshana time cannot be extended says Thanthri.