പ്രതീക്ഷ 'ട്രാക്കിലായി';ശബരിപ്പാത നീളുമോ വിഴിഞ്ഞത്തേക്ക്? സാധ്യതാപഠനത്തിന് സർക്കാർ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽ തിരുവനന്തപുരത്തേക്കു നീട്ടാനുള്ള സാധ്യതകളെ 'ട്രാക്കിലാക്കി' സംസ്ഥാന സർക്കാർ. എരുമേലിയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് റെയിൽപ്പാത എത്തിക്കുന്നതിനുള്ള സാധ്യതാപഠനത്തിനാണ് രണ്ടുകോടി രൂപ സർക്കാർ വകയിരുത്തിയത്. ഇതോടെ ചർച്ചകളിൽ മാത്രം ഓടിയിരുന്ന പുത്തൻപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലായി തലസ്ഥാനം.
നിലവിൽ എരുമേലിവരെയാണ് ശബരിപാതയുള്ളത്. ഇത് പത്തനംതിട്ട, പുനലൂർ വഴി നെടുമങ്ങാടു കടന്ന് വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി. പഠനം നടത്താനും പദ്ധതിരേഖ തയ്യാറാക്കാനുമുള്ള ചുമതല കെ-റെയിലിനെ ഏൽപ്പിക്കാനാണ് സാധ്യത. ഇതിനായാണ് മന്ത്രി െക.എൻ. ബാലഗോപാൽ ബജറ്റിൽ രണ്ടുകോടിരൂപ പ്രഖ്യാപിച്ചത്.
പദ്ധതി നടന്നാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴിയാകും വിഴിഞ്ഞം തുറമുഖത്തേക്ക് പുതിയ റെയിൽപ്പാത നീളുക. വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണഫലങ്ങൾ സംസ്ഥാനത്തിനാകെ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള പാതയ്ക്ക് വിഴിഞ്ഞത്തുനിന്നുള്ള ചരക്കുഗതാഗതംകൂടി താങ്ങാൻ ശേഷിയുണ്ടാവില്ല എന്നതിനാലാണ് ശബരി റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയൊരു പാത എന്ന ആശയമുണ്ടായത്. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിനു ശക്തമായ മുന്നേറ്റമാകും.
ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽനിന്നു ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തീവണ്ടിപ്പാതകളെ തുറമുഖങ്ങളിലേക്കു ബന്ധിപ്പിക്കാനുള്ള റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കേന്ദ്ര ഫണ്ടും ലഭിക്കും.
2021-ൽ കെ.ആർ.ഡി.സി.എൽ. ബോർഡ് യോഗത്തിൽ അങ്കമാലി-എരുമേലി ശബരി റെയിൽവേ ലൈൻ പുനലൂർ വഴിയും തിരുവനന്തപുരത്തേക്കും നീട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു.
സംസ്ഥാന സർക്കാർ ഇപ്പോൾ അങ്കമാലി-എരുമേലി ലൈൻ യാഥാർഥ്യമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തേക്കുള്ള ലൈൻ നീട്ടുന്നതിനുള്ള സാധ്യത വീണ്ടും ചിറകുവെച്ചത്.
തുറമുഖത്തേക്ക് പാത നീട്ടിയാൽ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി രൂപപ്പെടും. അതേസമയം ഈ പാത ചരക്കുഗതാഗതത്തിനു മാത്രം ഉപയോഗിക്കാതെ പാസഞ്ചർ തീവണ്ടികളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നെടുമങ്ങാട് ഉൾപ്പെടെ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള പ്ലാൻ നടപ്പാക്കണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജനകീയക്കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കു നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Kerala govt. initiates feasibility study for extending Sabari Rail from Cherthala to Vizhinjam port. A major boost for transport infrastructure!