ശബരി റെയിൽ: കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുമോ? പദ്ധതിയുടെ ഭാവി എന്ത്?

കൊച്ചി : ഒരുവർഷം മുൻപുള്ള സ്ഥിതിയല്ല ഇന്ന്. കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാത്ത പദ്ധതിയുടെ പ്രധാന കുരുക്കുകൾ അഴിഞ്ഞു. പക്ഷേ, അങ്കമാലി-എരുമേലി ശബരി പദ്ധതിക്ക് ഇനിയും അനക്കംവെച്ചിട്ടില്ല. അതിന്റെ ആശങ്കകളും ജനങ്ങളുടെ മനസ്സിലുണ്ട്.
2019-ൽ പദ്ധതി മരവിപ്പിച്ചത് റെയിൽവേ റദ്ദാക്കിയതോടെ സാങ്കേതികമായി ശബരി സജീവമായി. കിഫ്ബി വഴി നിർമാണച്ചെലവിന്റെ പകുതി നൽകാമെന്നും കേരളം ഉറപ്പു നൽകി. ഏറെക്കാലമായി റെയിൽവേ ആവശ്യപ്പെടുന്ന കാര്യമായിരുന്നു അത്. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കാൻ തീരുമാനമെടുത്തെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ അതിന്റെ നടപടികൾ നിലച്ചു. ഇപ്പോൾ ശബരി റെയിൽ ഫയൽ റവന്യൂ മന്ത്രിയുടെ ഓഫീസിലാണ്. ബജറ്റിൽ ശബരി പരാമർശിക്കപ്പെട്ടില്ല. എന്താണ് ഇക്കാര്യത്തിൽ പുതിയ സർക്കാരിന്റെ നിലപാട് എന്ന ആകാംക്ഷയിലാണ് ജനങ്ങൾ.
വികസനത്തിനായി കാത്തിരിക്കുന്ന മലയോര മേഖലയിൽ വലിയ പ്രതീക്ഷയാണ് ശബരിപാത. പദ്ധതി യാഥാർഥ്യമായാൽ മൂന്നുഘട്ടമായി വിഴിഞ്ഞം വരെയുള്ള പുതിയ റെയിൽവേ ഇടനാഴിക്കാണ് വഴിതുറക്കുന്നത്. എല്ലാ കടമ്പകളും കടന്ന് വീണ്ടും പദ്ധതി തുടങ്ങി സുഗമമായി നിർമാണജോലികൾ നടന്നാൽ നാലുവർഷം കൊണ്ട് പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. അതിനായുള്ള കാത്തിരിപ്പിലാണ് നാടും ജനങ്ങളും.
നിലവിൽ ട്രക്ക്, ലോറി എന്നിവയിലൂടെ മുംബൈ മാർക്കറ്റിൽ പൈനാപ്പിൾ എത്തിക്കാൻ മൂന്ന് ദിവസവും ഡെൽഹിയിലെത്താൻ അഞ്ച് ദിവസവും വേണം. റെയിൽ മാർഗം പിറ്റേന്നുതന്നെ മുംബൈയിലും മൂന്നാം ദിവസം ഡൽഹിയിലും എത്തും. കൂടുതൽ പാകമായതും പുതുമയുള്ളതുമായ പൈനാപ്പിൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നതിലൂടെ വില കൂടുതൽ കിട്ടും. വ്യാപാരികൾക്കും കർഷകർക്കും ഇത് ഗുണമാകും. യാത്രാദിനം കുറയുന്നതോടെ പൈനാപ്പിളിന്റെ ഗുണനിലവാരവും യാത്രമൂലമുണ്ടാകാനിടയുള്ള കേടും ഒഴിവാകും. ഇപ്പോൾ തോട്ടത്തിൽ നിന്ന് പൈനാപ്പിൾ വിളവെടുക്കുന്നത് ഈ യാത്രാകാലയളവുകൂടി പരിഗണിച്ചാണ്. ഇതുമൂലം പാകമാകുന്നതിന് രണ്ടുദിവസം മുൻപ് വിളവെടുക്കും. ഈ പ്രശ്നങ്ങൾ ഒരുപരിധിവരെ കുറയ്ക്കാനാകും. - ബേബി ജോൺ പേടിക്കാട്ടുകുന്നേൽ, സംസ്ഥാന പ്രസിഡന്റ്, പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ
റെയിൽവേ വരുന്നതോടെ കൂടുതൽ വിപണി കണ്ടെത്താനാകും. ഒഡിഷ, ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് സാധ്യതയുണ്ട്. പഞ്ചാബിലേക്ക് നിലവിൽ നാമമാത്രമായാണ് പോകുന്നത്. ട്രെയിൻ വന്നാൽ ഈ വിപണികൾ തുറക്കും. ഉത്‌പാദനം കൂടിനിൽക്കുമ്പോഴും മഴക്കാലത്ത് വില കുറയുമ്പോഴും ഈ സാധ്യത ഉപയോഗിക്കാനായാൽ വിലത്തകർച്ച നിയന്ത്രിക്കാനാവും. വടക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ വ്യാപാരികൾ പൈനാപ്പിൾ വിപണിയിലേക്ക് വരാനുള്ള സാധ്യതയും റെയിൽവേ തുറന്നിടുന്നുണ്ട്. മത്സരക്ഷമത വർധിക്കുന്നത് കർഷർക്കും വ്യാപാരികൾക്കും സഹായകമാണ്. കൂടുതൽ വില, ആരോഗ്യകരമായ വിപണി എന്നിവ കണ്ടെത്തി വിൽപ്പന നടത്താനുള്ള സാധ്യതയും റെയിൽവേ തുറന്നിടും. - ജോസ് പെരുമ്പിള്ളിക്കുന്നേൽ, പ്രസിഡന്റ്, ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ
പെരുമ്പാവൂർ കുതിക്കും ശബരി വരുമ്പോൾ
ഇതുവരെ പറഞ്ഞതിനപ്പുറം ചിലതുണ്ട് ശബരി റെയിൽപ്പാതയിൽ. അത് സാധ്യതകളുടെയും ചരക്കുനീക്കത്തിന്റെയും സംസാരിക്കുന്ന കണക്കുകളാണ്. 700 ലോഡ് പ്ലൈവുഡാണ് ഒരുദിവസം പെരുമ്പാവൂരിലെ ഫാക്ടറികളിൽ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് റബ്ബർത്തടികൾ എത്തുന്നതുപോലെ കർണാടകത്തിൽ നിന്ന് മലവേപ്പ്, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ മരങ്ങളും പെരുമ്പാവൂരിലെത്തുന്നു.
എല്ലാം റോഡ് മാർഗം. മുൻകാലങ്ങളിൽ ആലുവ, അങ്കമാലി സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ പ്ലൈവുഡ് കയറ്റിവിട്ടിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുമൂലം തുടർന്നില്ല. ശബരി റെയിലിൽ പെരുമ്പാവൂരിൽ സ്റ്റേഷനുണ്ടായാൽ ചരക്കുനീക്കം, യാത്രാമാർഗം എന്ന നിലകളിൽ നാടിന്റെ വികസനത്തിനും പെരുമ്പാവൂരിന്റെ നട്ടെല്ലായ പ്ലൈവുഡ് വ്യവസായത്തിനും വലിയ കുതിപ്പുണ്ടാകും. ഗതാഗതച്ചെലവ് മൂന്നിലൊന്നായി ചുരുങ്ങും. റെയിൽ മാർഗമുള്ള ചരക്കുനീക്കവും സഞ്ചാരവും പതിന്മടങ്ങാകും. ഇതോടെ കൂറ്റൻ ട്രക്കുകൾ മൂലം ഗ്രാമീണറോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും അഴിയും. പ്ലൈവുഡ് നിർമാണത്തിനാവശ്യമായ പശ നിർമിക്കുന്നതിന്റെ പ്രധാന അസംസ്‌കൃതവസ്തു മെഥനോളാണ്. ഇറക്കുമതിചെയ്യുന്ന മെഥനോൾ കൊച്ചി പോർട്ടിൽ ലഭിക്കാത്തപ്പോൾ മുംബൈയിൽ നിന്നാണ് റോഡ് മാർഗം കൊണ്ടുവരുന്നത്. ടാങ്കർ ലോറികളും ട്രക്കുകളും കൊണ്ടുപോകാൻ കഴിയുന്ന റെയിൽവേയുടെ റോ-റോ സർവീസ് കൂടി യാഥാർഥ്യമായാൽ കഥ മാറും.
ഒന്നരലക്ഷംഇതരസംസ്ഥാന തൊഴിലാളികൾ
പെരുമ്പാവൂരിൽ ഒന്നര ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ പ്ലൈവുഡ് വ്യവസായത്തിൽ മാത്രം പണിയെടുക്കുന്നു. നിർമാണമേഖല, കൃഷി, ഹോട്ടൽ തുടങ്ങിയ രംഗങ്ങളിലായി അത്രതന്നെ ഇതരസംസ്ഥാനക്കാർ വേറേയും. അസം, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പെരുമ്പാവൂരിലേക്കുള്ള 99 ശതമാനം തൊഴിലാളികളും എറണാകുളം, ആലുവ സ്റ്റേഷനുകളിലാണ് ട്രെയിനിറങ്ങുന്നത്. പ്ലൈവുഡ് വാങ്ങുന്നതിനായി ദിവസേന നൂറുകണക്കിനാളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് പെരുമ്പാവൂരിലെത്തുന്നു. പെരുമ്പാവൂരിൽ റെയിൽവേ സ്റ്റേഷൻ വന്നാൽ ഇവരെല്ലാം ഇത് ഉപയോഗപ്പെടുത്തും. തദ്ദേശീയരായ വ്യവസായികളുടെ തിരുവനന്തപുരം, മംഗളൂരു യാത്രകളും ട്രെയിനിലാകും.
മധുര, കോയമ്പത്തൂർ, ഡൽഹി, ഹരിയാണ എന്നിവിടങ്ങളിൽ നിന്നാണ് സ്റ്റീൽ ഫർണിച്ചറുകൾക്ക് അസംസ്‌കൃത ഘടകങ്ങളെത്തുന്നത്. കേരളത്തിൽ നിന്നുള്ള ഉത്‌പന്നങ്ങൾ കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ വിപണികളിലുമെത്തുന്നു. റോഡ് വഴിയുള്ള ചരക്കുനീക്കം ട്രെയിനുകളിലേക്ക് മാറുന്നതോടെ നിർമാണ-വിപണന ചെലവുകൾ നന്നായി കുറയും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഗ്രാമങ്ങളിലെ നിർമാണയൂണിറ്റുകളിൽ എത്താനാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർ ഉൾപ്പെടെ കേരളത്തിലെ ഫർണിച്ചർ വ്യവസായത്തെ അടുത്തറിയും.
- പി.പി. ജോസ് (പ്രസിഡന്റ്, ഓൾ കേരള സ്റ്റീൽ ഫർണിച്ചർ മാനുഫാക്‌ചറേഴ്‌സ് അസോ.)
Content Highlights: Explore the potential of the Sabari Rail project in 2026. Discover how it will transform logistics for Kerala's pineapple and plywood industries.