'അഭിപ്രായങ്ങളോട് യോജിക്കുന്നില്ല, അപലപനീയം'; ടി.ജി. മോഹൻദാസിന്റെ വിവാദപരാമർശങ്ങൾ തള്ളി ആർഎസ്എസ്

#ന്യൂസ് ഡെസ്ക്
ടി.ജി.മോഹന്‍ദാസ്‌
ടി.ജി.മോഹന്‍ദാസ്‌

തിരുവനന്തപുരം: ഡൽഹിയിൽ സമരംചെയ്ത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലുമെന്ന ടി.ജി.മോഹൻദാസിന്റെ പരാമർശം തള്ളി ആർഎസ്എസ്. അദ്ദേഹത്തിന്റെ അഭിപ്രായം അപലപനീയമെന്ന് അർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി ശ്രീകുമാർ പറഞ്ഞു. പരാമർശങ്ങൾ വിവാദമാകുകയും ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടന മോഹൻദാസിനെ തള്ളി രംഗത്തെത്തിയത്.

ടി.ജി മോഹൻദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി. ടിജി മോഹൻദാസ് ആർഎസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും വഹിക്കുന്നില്ലെന്നും കെ.ബി ശ്രീകുമാർ അറിയിച്ചു.

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.

‘ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറു’മെന്ന് മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞതും വിവാദമായിരുന്നു.

സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശ് ആണ് അന്വേഷണം നടത്തുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ടി.ജി.മോഹൻദാസിനെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും പരാതി നൽകിയിരുന്നു.

Content Highlights: RSS clarifies that TG Mohandas holds no official position within the organization., The organization officially denounced Mohandas's comments regarding shooting protesters., Kerala Home Department has launched a formal investigation via the Cyber Cell., Complaints filed by AIYF, Youth Congress, and SFI triggered the probe.