‘ഒരു ചെറുതല്ലേ കഴിച്ചുള്ളൂ’; റോഡിലെ അമിത ആത്മവിശ്വാസം തകർക്കുന്ന കുടുംബ പ്രതീക്ഷകൾ

കല്പറ്റ: ‘ഒരു ചെറുതല്ലേ കഴിച്ചുള്ളൂ, വണ്ടി ഞാൻ എടുക്കാ’മെന്നുപറഞ്ഞ് വാഹനമോടിക്കുന്ന 80 ശതമാനം ആളുകളുടെയും അമിത ആത്മവിശ്വാസം കൊണ്ടില്ലാതാകുന്നത് മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. സങ്കടം, സന്തോഷം, ഒറ്റപ്പെടൽ... മദ്യപിക്കാൻ ഓരോരോ കാരണങ്ങളുണ്ടാകും. എന്നാൽ, ലഹരി നൽകുന്ന അമിത ആത്മവിശ്വാസവും ആവേശവും റോഡിലുമെടുത്താലോ. തിരിച്ചുകിട്ടാത്തവിധം മറ്റൊരു ജീവൻ റോഡിൽ പൊലിയുകയാണ്.
മദ്യപിച്ചുള്ള ഡ്രൈവിങ്, പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ, അതിവേഗം എന്നിവ റോഡപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. മദ്യത്തോടൊപ്പംതന്നെ മറ്റുലഹരിവസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനമോടിക്കലും അപകടകരമായ കാർ ചേസിങ്ങും നിരത്തുകളിൽ കൂടുകയാണ്.
ഡി.സി.ആർ. കണക്കുകൾപ്രകാരം 2026-ൽ ഇതുവരെ മദ്യപിച്ച് വാഹനമോടിച്ചതിന് 2427 കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളും പിഴയീടാക്കലും കർശനമായി തുടരുന്നുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങൾ പൂർണമായി തടയാനാകുന്നില്ല. ജില്ലാ ക്രൈം റെക്കോഡ്സ് (ഡി.സി.ആർ.) പ്രകാരം സെപ്റ്റംബർവരെ 808 അപകടങ്ങളിൽനിന്നായി 54 പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. റോഡുകളിൽ വർധിച്ചുവരുന്ന അപകടസാധ്യതകളും നിയമലംഘനങ്ങളും ഗൗരവത്തോടെ കാണേണ്ടതാണ്.
18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഡി.സി.ആർ. പ്രകാരം ഈ വർഷം രണ്ടുകേസുകളാണ് റിപ്പോർട്ടുചെയ്തത്. എണ്ണം കുറവാണെങ്കിലും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന അപകടസാധ്യത വളരെ വലുതാണ്. കുട്ടികളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയോ അല്ലെങ്കിൽ അവരുടെ ഡ്രൈവിങ് കഴിവിൽ അമിതവിശ്വാസം പുലർത്തിയോ മാതാപിതാക്കൾ വാഹനം കൈമാറുന്നത് ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കാം. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്നത് സ്വന്തം കുട്ടിയുടെ ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും വലിയ ഭീഷണിയാണ്. മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾക്കെതിരേ കർശന ശിക്ഷാവ്യവസ്ഥകളുമുണ്ട്. അതിനാൽ, കുട്ടികളെ നിയമങ്ങൾ ബോധ്യപ്പെടുത്തുന്നതിനൊപ്പം വാഹനത്തിന്റെ താക്കോൽ കൈമാറുന്നതിലും മാതാപിതാക്കൾ അതിജാഗ്രത പുലർത്തേണ്ടതുണ്ട്.
കാൽനടയാത്രക്കാരുടെ സുരക്ഷയും പ്രധാനം
റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറ്റവുമധികം ദുരന്തങ്ങൾ നേരിടുന്നത് കാൽനടയാത്രക്കാരാണ്. ഡി.സി.ആർ. പ്രകാരം ഒക്ടോബർ ഒന്നുവരെ 15 കാൽനടയാത്രക്കാരാണ് റോഡപകടങ്ങളിൽ മരിച്ചത്. 2025-ൽ 16 പേരാണ് മരിച്ചത്.
വേഗം നിയന്ത്രിക്കുക, ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക എന്നിവ അപകടങ്ങൾ കുറയ്ക്കുന്നതിൽ നിർണായകമാണ്. അതുപോലെത്തന്നെ, സുരക്ഷിതമായ റോഡുകളും കൃത്യമായ നടപ്പാതകളും ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
ഓരോ യാത്രയ്ക്കും പിന്നിൽ ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകളുണ്ട്. റോഡിൽ പുലർത്തുന്ന ചെറിയൊരു ജാഗ്രതപോലും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചേക്കാം. നിയമങ്ങൾ പാലിക്കുന്നത് ശിക്ഷ ഒഴിവാക്കാനല്ല, മറിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
ശ്രദ്ധിക്കുക
* മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക
* പ്രായപൂർത്തിയാകാത്തവർക്ക് വാഹനത്തിന്റെ താക്കോൽ കൈമാറാതിരിക്കുക
*അതിവേഗം പൂർണമായി ഒഴിവാക്കുക
*ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കുക
ഡി.സി.ആർ. പ്രകാരം 2026-ൽ ഓരോ മാസവും നടന്ന അപകടങ്ങളും മരണവും
ജനുവരി - 96 - 06
ഫെബ്രുവരി - 78 - 02
മാർച്ച് - 79 - 15
ഏപ്രിൽ -101 - 05
മേയ് - 96 - 14
ജൂൺ - 87- 04
ജൂലായ് - 81 - 03
ഓഗസ്റ്റ് - 88 - 03
സെപ്റ്റംബർ - 102 -02
Content Highlights: Over 2,400 drunk driving cases registered in 2026 according to DCR data., Underage driving poses severe legal and life threats, holding parents accountable.