വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

വടകര: വില്ല്യാപ്പളളി ടൗണിൽ ആർജെഡി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആർജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മൈക്കുളങ്ങര താഴയിലെ മനക്കൽ താഴകുനി എം.ടി.കെ.സുരേഷി(52) നാണ് വെട്ടേറ്റത്.
സമീപവാസി പിള്ളേരിമീത്തൽ ശ്യാംലാൽ എന്ന ലാലുവാണ് വെട്ടിയത്. ഒഴിഞ്ഞുമാറിയതിനാൽ കൈക്കാണ് പരിക്കേറ്റത്. അക്രമി പിന്നീട് വാൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ ലാലുവിനെതിരെ വടകര പോലീസ് കേസെടുത്തു.
ആറുമാസം മുമ്പ് മൈക്കുളങ്ങര താഴയിൽ ആർവെജൈഡി പഠനക്യാമ്പിന്റെ പന്തൽ തീവെച്ചുനശിപ്പിക്കപ്പെട്ട സംഭവത്തിന് ശേഷം ലാലു രണ്ടുതവണ സുരേഷിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. ഒരിക്കൽ ആയുധവുമായി വീടിനു മുന്നിലെത്തിയായിരുന്നു ഭീഷണി. രണ്ട് സംഭവങ്ങളിലും സുരേഷും ആർജെഡിയും പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.
പോലീസിന്റെ അലംഭാവമാണ് അക്രമത്തിന് വഴിയൊരുക്കിയതെന്നാരോപിച്ച് ആർജെഡി പ്രവർത്തകർ വില്ല്യാപ്പള്ളി ടൗണിൽ റോഡ് ഉപരോധിച്ചു. പോലീസ് വാഹനത്തിനു മുന്നിലും ഉപരോധം തീർത്തു. ഒടുവിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞത്.
Content Highlights: RJD Worker Attacked in Vatakara, Kerala: Police Investigate