റിവാൾഡോ ചരിഞ്ഞു; മുതുമലയുടെ സൗമ്യനായ കാട്ടുകൊമ്പൻ ഇനി ഓർമ്മ

#ന്യൂസ് ഡെസ്ക്
റിവാൾഡോ ചെരിഞ്ഞ നിലിയിൽ
റിവാൾഡോ ചെരിഞ്ഞ നിലിയിൽ

നീലഗിരിയിൽ വിഹരിച്ചിരുന്ന കൊമ്പൻ റിവാൾഡോ ചരിഞ്ഞു. മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പനായിരുന്നു റിവാൾഡോ. 

കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചിൽ നിന്ന് റിവാൾഡോയെ കാണാതായിരുന്നു. എന്നാൽ 15 ദിവസം മുൻപാണ് അവൻ വീണ്ടും ഈ മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. തിരികെ എത്തിയപ്പോൾ റിവാൾഡോയുടെ ശരീരത്തിൽ മറ്റ് കാട്ടാനകളുടെ കുത്തേറ്റ മാരകമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് വനപാലകർ കണ്ടെത്തി. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോൾ തന്നെ അവൻ അതീവ ക്ഷീണിതനായിരുന്നു.

പരിക്കേറ്റ് അവശനായ റിവാൾഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തിൽ വീണത്. അവനെ എഴുന്നേൽപ്പിക്കാനും കൃത്യമായ ചികിത്സ നൽകാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥർ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവിൽ ഇന്ന് ഉച്ചയോടു കൂടി ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ആ പ്രിയപ്പെട്ട കൊമ്പൻ ചരിഞ്ഞു.

മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാൾഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. സങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി മാവനള്ള, വാഴത്തോട്ടം മേഖലകളിലായിരുന്നു വിഹാരകേന്ദ്രം. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരുമായുള്ള അപൂർവസൗഹൃദമാണ് റിവാൾഡോയെ ജനകീയനാക്കിയത്.

Content Highlights: The popular wild elephant Rivaldo, a familiar sight in Masinagudi, Mudumalai, has passed away.