നിലവിൽ സിപിഎമ്മിൽ, നാളെ എന്താവുമെന്ന് ആർക്ക് പറയാനാകും?വീട്ടിലിരിക്കുമെന്ന ധാരണവേണ്ട-പി.കെ. ശശി

#ന്യൂസ് ഡെസ്ക്
പി.കെ. ശശി
പി.കെ. ശശി

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഎം നേതാവ് പി.കെ. ശശി. ട്രേഡ് യൂണിയൻ രംഗത്തും പാർട്ടിയിലും പ്രവർത്തിക്കുകയാണ്. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാത്രമാണ് രാജിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതോ ഒരു ചാനൽ, ഏതോ ഒരു കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് താൻ ചെയർമാൻ രാജിവെക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു. എവിടെനിന്നാണ് ഇവർക്ക് ഈ വിവരം കിട്ടുന്നതെന്ന് അറിയില്ല. ഒരു കമ്മിറ്റിയുടെയും നിർദേശം ലഭിച്ചിട്ടില്ല. കെടിഡിസി ചെയർമാൻസ്ഥാനത്തെ പ്രവർത്തനത്തിൽ സംതൃപ്തനാണ്. 15 കൊല്ലത്തിനിപ്പുറം കെടിഡിസി ലാഭത്തിലെത്തിയതിന്റെ ചാരിതാർഥ്യമുണ്ട്. ചെയർമാൻസ്ഥാനത്തുനിന്നുള്ള രാജിയും യുഡിഎഫും തമ്മിലുള്ള ബന്ധമെന്താണെന്ന് എനിക്കറിയില്ല, ശശി പറഞ്ഞു.

കോൺഗ്രസ് നേതൃത്വവുമായി താങ്കൾ ബന്ധപ്പെടുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- സണ്ണി ജോസഫും ഞാനുമായിട്ട് എന്തു ബന്ധമാണ്? ഈ സെക്കൻഡ് വരെ സണ്ണി ജോസഫ് എന്ന് പറയുന്ന മനുഷ്യനുമായി ഒരക്ഷരം സംസാരിച്ചിട്ടില്ല. ഏതെങ്കിലും യുഡിഎഫ് നേതാക്കളുമായും ചേരിമാറ്റം സംബന്ധിച്ച് സംസാരിച്ചെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്ന ജോലി ഞാൻ ചെയ്യാം, എന്നായിരുന്നു ശശിയുടെ മറുപടി. ഇത് കെടിഡിസിയിൽനിന്നുള്ള രാജിയാണ്. താൻ സിപിഎമ്മിലെ അംഗമാണ്. ഇപ്പോൾ ട്രേഡ് യൂണിയൻ സംഘടനാ ഭാരവാഹിയായി പ്രവർത്തിക്കുന്ന ആളാണ്. മറിച്ചൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎമ്മിലും സിഐടിയുവിലും തുടരും എന്നാണോ എന്ന ചോദ്യത്തിന്- ഇപ്പോൾ അങ്ങനെ ആണല്ലോ എന്നായിരുന്നു ശശിയുടെ മറുപടി. അതിൽനിന്നൊരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. നാളെ നിങ്ങൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് പറയാനാകുമോ എന്നൊരു മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഞാൻ ഇടതുപക്ഷ രാഷ്ട്രീയം മുറുകെ പിടിക്കുന്ന ആളാണ്. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഐഡിയോളജിയും അതിന്റെ രാഷ്ട്രീയവീക്ഷണവും മുറുകെപിടിക്കുന്ന ആളാണ്. അങ്ങനെയുള്ള എന്നോട് ഇടയ്ക്കിടക്ക് വന്നിട്ട് നിങ്ങൾ എപ്പോളാണ് യുഡിഎഫിലേക്ക് പോകുന്നത് എന്നെല്ലാം ചോദിക്കുന്നത് ശുദ്ധ ആഭാസമാണ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നതിൽ അദ്ഭുതകരമായി ഒന്നുമില്ലെന്നും ശശി കൂട്ടിച്ചേർത്തു. സുഖമില്ലാത്തതിനാലാണ് എം.വി. ഗോവിന്ദന്റെ യാത്രയിൽ പങ്കെടുക്കാത്തതെന്നും ശശി കൂട്ടിച്ചേർത്തു. ശശി വീടിന്റെ മുക്കിലിരിക്കും എന്ന ധാരണ ആർക്കും വേണ്ടെന്നും താൻ പൊതുരംഗത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് കെടിഡിസി ചെയർമാൻസ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയാകുമെന്നുമുള്ള പ്രചാരണം ശക്തമാണ്.

Content Highlights: resigned from the post of ktdc chairman due to personal reasons says pk sasi