വ്യാജവാർത്തകൾ നൽകുന്നു; റിപ്പോർട്ടർ ടിവിക്കെതിരേ നോട്ടീസ് അയച്ച് സാബു എം. ജേക്കബ്

#ന്യൂസ് ഡെസ്‌ക്
സാബു എം. ജേക്കബ് | Photo: Screengrab/Mathrubhumi News
സാബു എം. ജേക്കബ് | Photo: Screengrab/Mathrubhumi News

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. കിറ്റക്‌സ് ഗ്രൂപ്പിനെതിരേ വ്യാജവാർത്ത നൽകിയെന്ന് കാട്ടിയാണ് 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റിപ്പോർട്ടർ ടിവി വ്യാജ വാർത്ത സൃഷ്ടിക്കുകയാണ്. ഉടമയായ ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോൺ തട്ടിപ്പിലൂടെയാണ്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരു ന്യൂസ് ചാനൽ ഏറ്റെടുത്തു. ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ഏതോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ചാനലിനെതിരേ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സാബു പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ ടാക്സ് വെട്ടിച്ചുവെന്നും നിരവധി നിയമ ലംഘനങ്ങൾ നടത്തിയതായി നിരന്തരം വ്യാജ വാർത്തകൾ പ്രക്ഷേപണം നടത്തിയതിനെതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

2021-ലെ മരംമുറി കേസിലൂടെയാണ് ആന്റോ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 500-ഓളം വർഷം പഴക്കമുള്ള ഈട്ടിത്തടികൾ ആദിവാസികളുടെ ഒപ്പ് വ്യാജമായി നിർമിച്ച് വെട്ടിവിറ്റു എന്നതാണ് പ്രധാന ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം ഇദ്ദേഹം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. മരം വിട്ടുകിട്ടാനായി കോടതിയിൽ നൽകിയ 27 അപ്പീലുകളും തള്ളപ്പെട്ടു. ഒരു ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് അഞ്ചു ലക്ഷം രൂപ കൈക്കൂലി നൽകിയതായി ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയതായും സാബു പറയുന്നു. കൂടാതെ, ഒരേ രേഖകൾ തന്നെ വിവിധ ബാങ്കുകളിൽ നൽകി തട്ടിപ്പ് നടത്തിയതായും ഇദ്ദേഹത്തിനെതിരേ പരാതികളുണ്ടെന്നും സാബു ആരോപിച്ചു.

തനിക്കെതിരെയുള്ള വാർത്തകൾ തടയാൻ കർണാടക കോടതിയിൽ നിന്ന് ഇദ്ദേഹം ഒരു ഇൻജക്ഷൻ ഉത്തരവ് സമ്പാദിച്ചിരുന്നു. എന്നാൽ കേരളത്തിലെ ചാനലുകൾ സത്യാവസ്ഥ ബോധിപ്പിച്ചതോടെ, കോടതി ആ ഉത്തരവ് റദ്ദാക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. നീക്കം ചെയ്ത വാർത്തകൾ വീണ്ടും പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Kitex MD Sabu Jacob has sent a legal notice to Reporter TV seeking ₹250 crore in damages for allegedly publishing fake news about the company and its group.