ആ 213 കോടി വായ്പയല്ല; സ്പോൺസർഷിപ്പ് തട്ടിപ്പിൽ റിപ്പോർട്ടർ കമ്പനിക്കെതിരായ GST അന്വേഷണ റിപ്പോർട്ട് പുറത്ത്

കൊച്ചി: സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിൽ വന്ന 213 കോടി രൂപ വായ്പയാണെന്ന കമ്പനിയുടെ വാദം നിലനിൽക്കില്ലെന്നാണ് ജിഎസ്ടി സംഘം കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഒരു ചിട്ടി സ്ഥാപനം കമ്പനിക്ക് 137.15 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയതായി കാണിച്ചത് 100 കോടി രൂപയുടെ ഇടപാട് മാത്രമാണ്. ബോർഡ് അനുമതിയുള്ള തുക കഴിച്ചുള്ള ബാക്കി 37.15 കോടി രൂപ കമ്പനിയിലേക്ക് എങ്ങനെ വന്നുവെന്നതിൽ യാതൊരു വ്യക്തതയുമില്ല.
സാമ്പത്തിക ഇടപാടുകളിലെ ഈ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇതടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു.
അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കൈമാറിയ 126 കോടി രൂപ മറ്റു കമ്പനികളിൽനിന്നുള്ള പണമാണെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കിത്തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്.
126 കോടി രൂപയുടെ 18 ശതമാനമായ 22.68 കോടി രൂപയാണ് ജി.എസ്.ടി.യായി അടയ്‌ക്കേണ്ടത്. വിദേശ അക്കൗണ്ടായതിനാൽ റിവേഴ്സ് ചാർജ് വിഭാഗത്തിലാണിത് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽനിന്നാണ് ഇതുമായി ബന്ധപ്പെട്ട കേസെടുത്തിരുന്നത്. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജന്റ്സ് ഓഫീസിൽ വന്ന് മൊഴി നൽകിയിരുന്നു.
Content Highlights: A GST special investigation report rejected Reporter Broadcasting Company's claim that Rs 213 crore in its account was a loan, uncovering unaccounted funds from a chit fund firm and recommending a detailed probe.