സോളാറിന് മുൻഗണനയുള്ള ഊർജനയം വരും, കെ.എസ്.ഇ.ബി. കുളംകലക്കി മീൻപിടിക്കുന്നു -മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

കൊച്ചി: പുനരുപയോഗ ഊർജമേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതരത്തിൽ സംസ്ഥാനത്ത് പുതിയ ഊർജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗരോർജത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് റിന്യൂവബിൾ എനർജി (കോർ) കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കോർ റിന്യു എക്സ്പോ ആൻഡ് എനർജി കോൺക്ളേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഊർജ ആവശ്യകതയുമായി ഉത്‌പാദനം ഒത്തുപോകണമെങ്കിൽ പുനരുപയോഗ ഊർജത്തിലേക്കു മാറണം. അത്തരത്തിലുള്ള ഊർജനയം ഒക്ടോബറിൽ ഉണ്ടാകും. പുരപ്പുറ സോളാർ മികച്ചരീതിയിൽ മുന്നേറുന്നുണ്ടെങ്കിലും വൈദ്യുതിബാറ്ററിയിൽ സംഭരിക്കുന്ന ബെസ് സംവിധാനം മെച്ചപ്പെടണം -മുഖ്യമന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എം.പി., ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ഇ.ബി. മുൻ സി.എം.ഡി. ബിജു പ്രഭാകർ, ഇൻകെൽ മാനേജിങ് ഡയറക്ടർ ഡോ. ഇ.കെ. ഇളങ്കോവൻ, കോർ രക്ഷാധികാരി നൗഷാദ് ഷറഫുദീൻ, പ്രസിഡന്റ് ഫയാസ് മുഹമ്മദ് സലാം, സെക്രട്ടറി റോയ് ക്രിസ്റ്റി, ട്രഷറർ ജെയിംസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. മേള ഞായറാഴ്ച സമാപിക്കും.

കെ.എസ്.ഇ.ബി. കുളംകലക്കി മീൻപിടിക്കുന്നു

വൈദ്യുതിനിയന്ത്രണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യിലെ അനാരോഗ്യകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ ദിവസവും നാലും അഞ്ചും തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. കുളംകലക്കി മീൻപിടിക്കുന്ന നിലപാടാണ് ഇതിനുപിന്നിൽ. അനാവശ്യമായ വൈദ്യുതി നിയന്ത്രണത്തിൽ നടപടിയുണ്ടാകും. പുനരുപയോഗ ഊർജമെന്നു കേൾക്കുമ്പോൾ കെ.എസ്.ഇ.ബി.യിലെ ചിലർ അസ്വസ്ഥരാകുന്നത് എന്തിനാണെന്നറിയാം. കോടികൾ മുടക്കി വൈദ്യുതി പുറത്തുനിന്നുതന്നെ വാങ്ങണമെന്നാണ് ഇത്തരക്കാരുടെ താത്പര്യം -മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: VD Satheesan emphasizes the importance of renewable energy in Kerala, highlighting solar power and battery storage improvements at a Kochi event. VD Satheesan addresses unhealthy practices in KSEB, promising action against unnecessary power cuts