ജേര്‍ണലിസം ഒരു താങ്ക് ലെസ് ജോബ് ആണെന്നല്ലേ നിങ്ങളൊക്കെ പറയുന്നത്? വിട, അംജദ് സാര്‍

തികച്ചും പ്രസാദാത്മകമായിരുന്നു അംജദ് സാറിന്റെ പെരുമാറ്റവും സംസാരവും. നിഷ്‌കളങ്ക നര്‍മ്മം കലര്‍ന്ന വാക്കുകള്‍. മേമ്പൊടിക്ക് ഇത്തിരി ആക്ഷേപഹാസ്യവും. എങ്കിലും ജേര്‍ണലിസം കോഴ്സിന് പഠിക്കുന്ന കാലത്ത് (1983) അംജദ് സാറിന് മുന്നില്‍ ചെന്നു പെട്ടാല്‍ അങ്കലാപ്പാണ്. ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചുകളയുമോ എന്ന പേടി. ഉത്തരവും ഇംഗ്ലീഷില്‍ തന്നെ പറയേണ്ടിവരുമല്ലോ. 'ബബ്ബബ്ബ' പറയുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ കുറച്ചിലല്ലേ? എങ്കിലും ഒരൊറ്റ ഇംഗ്ലീഷ് ഡയലോഗിലൂടെ അംജദ് സാര്‍ എന്റെ ആശങ്കകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി. കോഴ്‌സ് തീരും വരെ കാത്തിരിക്കേണ്ടിവന്നു അതിനെന്ന് മാത്രം.
ബാച്ച്‌ലര്‍ ഇന്‍ ജേര്‍ണലിസം (ബി ജെ) പരീക്ഷയുടെ റിസള്‍ട്ട് എന്നുവരും എന്നറിയാനാണ് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുറിയില്‍ ചെന്ന് സാറിനെ കണ്ടത്. പതിവുപോലെ നിറഞ്ഞ ചിരിയോടെ ശിഷ്യനെ സ്വീകരിച്ചു ഗുരു. മുന്നിലെ കസേരയില്‍ 'വിനയകുനിത'നായി ഇരുന്നുകൊണ്ട് എന്റെ ചോദ്യം: 'ഈ പരീക്ഷയില്‍ ആരെങ്കിലും തോല്‍ക്കാറുണ്ടോ സാര്‍?' അംജദ് സാര്‍ ഒന്ന് ഞെട്ടിയോ എന്ന് സംശയം. മുന്നിലെ പുസ്തകത്തില്‍ മുഖം പൂഴ്ത്തി അദ്ദേഹം പതുക്കെ പറഞ്ഞു: 'ദേര്‍ ഈസ് നോ സച്ച് ഹിസ്റ്ററി, ഇഫ് മൈ മെമ്മറി സെര്‍വ്‌സ് മി റൈറ്റ്... ആരും തോറ്റിട്ടില്ല എന്നാണ് അറിവ്.'
സാര്‍ കേള്‍ക്കാതെ ഒരു നെടുവീര്‍പ്പിട്ട് ആശ്വാസപൂര്‍വം കസേരയില്‍ ചാരിയിരുന്നപ്പോള്‍ അതാ വരുന്നു അടുത്ത അസ്ത്രം. പുസ്തകത്തെ വെറുതെ വിട്ട് തലയുയര്‍ത്തി എന്നെ നോക്കി അംജദ് സാര്‍. എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു:
'ബട്ട് ഹിസ്റ്ററീസ് ആര്‍ ടു ബി ബ്രോക്കണ്‍, അല്ലേ?'
ഇത്തവണ ശരിക്കും ഞെട്ടി. എന്താണാവോ അദ്ദേഹം ഉദ്ദേശിച്ചത്? ചരിത്രം തിരുത്തപ്പെടുമോ ഇത്തവണ? എന്റെ കാര്യം കട്ടപ്പൊക ആകുമോ? ആകെയൊരു എരിപിരി സഞ്ചാരം.
എന്നാല്‍ അധികം വൈകാതെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടു അംജദ് സാര്‍. ഇത്തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി ജെ കോഴ്സിലെ ഒന്നാം റാങ്ക് കെ പി രവീന്ദ്രനാഥ് എന്ന എനിക്കാണെന്ന സത്യം വെളിപ്പെടുത്തി ഞെട്ടിച്ചുകൊണ്ട്.
'വിശ്വസിക്കാന്‍ പറ്റുന്നില്ല സാര്‍.' - വിവരമറിഞ്ഞയുടന്‍ എന്റെ പ്രതികരണം. 'എനിക്കും' - രസികനൊരു ചിരി ചിരിച്ചുകൊണ്ട് അംജദ് സാറിന്റെ കൗണ്ടര്‍.
ഡോ സയ്യദ് അംജദ് അഹമ്മദ് എന്ന ഞങ്ങളുടെ അംജദ് സാര്‍ ഇനിയില്ല എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നു നിറഞ്ഞത് നിശ്ശബ്ദമായ ആ ചിരിയാണ്. ഹൃദയത്തില്‍ നിന്നൂറിവരുന്ന ചിരി. പത്രത്തില്‍ ബൈലൈന്‍ അടിച്ചുവരുന്നതാണ് ഏറ്റവും വലിയ ജേര്‍ണലിസം എന്ന് ധരിച്ചു വശായിരുന്ന ഒരുത്തനെ യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളിലൂടെ സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നടത്തിയവലൊരാള്‍. സി ഡി ചാക്കപ്പന്‍, സുബാഷ് എന്നിവര്‍ക്കൊപ്പം അംജദ് സാറിനേയും നന്ദിയോടെ, സ്‌നേഹത്തോടെ ഓര്‍ക്കുന്നു. മൂവരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്‌മെന്റിലെ ഞങ്ങളുടെ ബാച്ചിലെ അധ്യാപകര്‍.
കോഴ്‌സ് പാസായ ശേഷം അപൂര്‍വമായേ അംജദ് സാറിനെ നേരില്‍ കണ്ടിട്ടുള്ളൂ. ഫോണിലാണ് സംസാരം അധികവും. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ശേഷം സ്വദേശമായ ബംഗളൂരുവില്‍ താമസമാക്കിയിരുന്നു അദ്ദേഹം. അവസാന കൂടിക്കാഴ്ച്ചയില്‍ ചോദിച്ചത് ഓര്‍മ്മയുണ്ട് : 'ന്യൂസ് ഏജന്‍സിയിലൊക്കെ ജോലി ചെയ്ത ശേഷവും ആക്റ്റീവ് ജേര്‍ണലിസം ഉപേക്ഷിച്ച് സാര്‍ അധ്യാപനത്തിലേക്ക് മാറിയതെന്തേ? ഉള്ളിലെ പത്രപ്രവര്‍ത്തകനെ കെട്ടഴിച്ചു വിടാത്തതില്‍ സങ്കടമില്ലേ?'
ചിരിച്ചുകൊണ്ട് അംജദ് സാറിന്റെ മറുപടി: 'ഏയ് ഇല്ല. അക്കാദമിക് ലൈന്‍ ആയിരുന്നു പണ്ടേ എനിക്ക് താല്പര്യം. ആ സംതൃപ്തി മറ്റെങ്ങും കിട്ടില്ല.' ഒരു നിമിഷം നിര്‍ത്തി എന്റെ പുറത്തുതട്ടി അദ്ദേഹം തുടര്‍ന്നു: 'പിന്നെ ജേര്‍ണലിസം ഒരു താങ്ക് ലെസ്സ് ജോബ് ആണെന്നല്ലേ നിങ്ങളൊക്കെ പറയുന്നത്?'
ശരിയാണ്. 'ഇയാള്‍ ഇതുവരെ നടത്തിയത് മാധ്യമപ്രവര്‍ത്തനം തന്നെയോ' എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്റെ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ അപേക്ഷ അടുത്തിടെ തിരിച്ചയച്ചപ്പോള്‍ അംജദ് സാറിറെ വാക്കുകള്‍ വീണ്ടും ഓര്‍മ്മവന്നു.
പ്രിയപ്പെട്ട ഗുരുനാഥന് വിട. സ്മൃതിപുഷ്പങ്ങളോടെ....
Content Highlights: Recollections of a journalism professor, Amjad Sir, his wit, teaching style, and the unforgettable moment of topping the batch.