പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്‌തു; DGP നിയമനത്തിൽ ജയരാജൻ

പി. ജയരാജൻ | Photo: Mathrubhumi
പി. ജയരാജൻ | Photo: Mathrubhumi

കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഡിജിപി നിയമനത്തില്‍ മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രത്യേക താത്പര്യപ്രകാരം അത് വളച്ചൊടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പാലക്കാട് മാധ്യമസുഹൃത്തുക്കള്‍ എന്നെ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിശ്ചയിച്ചകാര്യം അറിഞ്ഞത്. ഞാന്‍ വാര്‍ത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. എന്റെ പ്രതികരണം ഇന്ന് ഫെയ്‌സ്ബുക്കില്‍ ഇടുന്നുണ്ട്. അത് കേട്ടാല്‍ ആര്‍ക്കും വേറെ സംശയമുണ്ടാകില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞിട്ടുള്ളത്. ചില മാധ്യമങ്ങള്‍ അനുകൂലിച്ചെന്ന് പറഞ്ഞ് കൊടുത്തു. എന്നാല്‍, ചിലര്‍ ജയരാജന്‍ കൂത്തുപറമ്പ് വെടിവെപ്പ് ചര്‍ച്ചയാക്കി എന്ന് വാര്‍ത്തകൊടുത്തു. അവരുടെ താത്പര്യം തനിക്ക് അപ്പോഴേ മനസിലായെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിനെ താറടിച്ചുകാണിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ദുര്‍വ്യാഖ്യാനം. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സ്വഭാവികമായും സര്‍ക്കാരാണ്. പാര്‍ട്ടി അല്ലല്ലോ സര്‍ക്കാരിനോട് നിര്‍ദേശിക്കേണ്ടത്. കേന്ദ്രം നല്‍കിയ മൂന്നുപേരുകളില്‍ ഒരാളെ സംസ്ഥാനം മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിച്ചു. അതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്ക് നോക്കിയാല്‍ അത് മനസിലാകും. വലതുപക്ഷ മാധ്യമങ്ങള്‍ ഓരോ കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സര്‍ക്കാര്‍ തീരുമാനത്തിന്റെ മെറിറ്റ് പരിശോധിക്കാന്‍ താന്‍ അധികാരത്തിന്റെ ഭാഗമല്ലെന്നുമാണ് കഴിഞ്ഞദിവസം പാലക്കാട്ടുവെച്ച് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.  ''നയപരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുക. മറ്റുള്ളത് മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തീരുമാനിക്കുക. ലഭിച്ച നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരെടുത്ത തീരുമാനമാണ് ഇപ്പോഴത്തേത്. അത് വിശദീകരിക്കേണ്ടതും സര്‍ക്കാരാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. 

യോഗേഷ് ഗുപ്തയുടെ അയോഗ്യതയെന്തെന്ന് സര്‍ക്കാര്‍ വക്താക്കളോടുതന്നെ ചോദിക്കണം. റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റശേഷം എടുക്കുന്ന നടപടികളെക്കുറിച്ച് പറയാനുണ്ടെങ്കില്‍ അപ്പോള്‍ പറയാം. പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നിധിന്‍ അഗര്‍വാള്‍ തലശ്ശേരി എഎസ്പിയായിരുന്ന കാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറമ്പ് ഏരിയാസെക്രട്ടറി എം. സുകുമാരനെ ലോക്കപ്പില്‍ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു. ഒരുകാലത്ത് ഇത്തരക്കാരെക്കുറിച്ച് തങ്ങള്‍തന്നെ ആക്ഷേപമുന്നയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

Content Highlights: CPM leader P. Jayarajan clarifies media misinterpretations regarding his statement