തിരണ്ടിത്തലയും സ്രാവിന്റെ ഉടലും; ‘ഗിറ്റാർഫിഷ്’ വിഴിഞ്ഞത്തെ അക്വേറിയത്തിലെ പുതിയ അതിഥി

#ന്യൂസ് ഡെസ്ക്
ഗിറ്റാർ ഫിഷും തിരണ്ടിക്കുഞ്ഞും
ഗിറ്റാർ ഫിഷും തിരണ്ടിക്കുഞ്ഞും

വിഴിഞ്ഞം: കേന്ദ്ര സമുദ്ര മത്സ്യഗവേഷണത്തിന്റെ വിഴിഞ്ഞം കേന്ദ്രത്തിലുള്ള അക്വേറിയത്തിൽ പ്രദർശനത്തിനായി പുതിയ അതിഥി എത്തി. കന്യാകുമാരിക്കടലിൽനിന്ന് മത്സ്യത്തൊഴിലാളികൾ എത്തിച്ചു നൽകിയ ‘ഗിറ്റാർ ഫിഷ്’ ആണ് പുതിയ അതിഥി. ഇതിനു കൂട്ടായി വെള്ള തിരണ്ടിക്കുഞ്ഞും.

തിരണ്ടിയുടെ തലയും സ്രാവിന്റെ ഉടലിനു സമാനമായ രൂപവുമാണുള്ളത്. കാഴ്ചയിൽ ഗിറ്റാറിന്റെ രൂപമുള്ളതിനാലാണ് ശാസ്ത്രലോകം ഇതിന് ഗിറ്റാർ ഫിഷ് എന്നു പേരിട്ടത്. തവിട്ടുകലർന്ന മഞ്ഞനിറവും ശരീരത്തിൽ പൊട്ടുകൾപോലുള്ള അടയാളവുമുള്ള മീനാണിതെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു ഇതിനെ ഇവിടെ എത്തിച്ചത്. തരുണാസ്ഥികളാൽ നിർമിതമായ ഇതിന്റെ ശരീരത്തിന്‌ ചെറു സ്‌കെയിലിന്റെ വലുപ്പമാണുള്ളത്. നെത്തോലി, കണവ എന്നിവ ചെറുകഷണങ്ങളാക്കിയുള്ളതാണ് ആഹാരം. ബീഫും കണവയും ചിപ്പിയും കഴിക്കും.

വിഴിഞ്ഞത്തെ അക്വേറിയത്തിലെ കടൽത്താമരകൾ 2. ഗിറ്റാർ ഫിഷും തിരണ്ടിക്കുഞ്ഞും 3. ലെമൺ സ്രാവ്

ക്ലോൺ മീനിനെ കൂട്ടുകാരനാക്കി കടൽത്താമര

 : അക്വേറിയത്തിലെ മറ്റൊരു ആകർഷണമാണ് ഗ്രീൻ കാർപ്പെറ്റ് അനിമോണും ബബിൾ ടിപ്പ് എന്നറിയപ്പെടുന്നതുമായ കടൽത്താമരകൾ. ഇതിന്റെ ആവാസവ്യവസ്ഥയെ വലയംചെയ്ത് ജീവിക്കുന്ന ക്ലോൺ മീനുകൾ കടൽത്താമരയുടെ അടുത്ത സുഹൃത്താണ്. 

ക്ലോൺ മീൻ അല്ലാത്ത മീനുകളെത്തിയാൽ ഇവയെ ശരീരത്തിലേക്ക് ആകർഷിച്ച് ഭക്ഷണമാക്കും. അക്വേറിയത്തിൽ സംരക്ഷിച്ച് വളർത്തുന്നതിനാൽ കടൽത്താമരകൾക്ക് ബീഫ്, കണവ, ചിപ്പി എന്നിവ മുറിച്ച് വളരെ ചെറിയ കഷണങ്ങളാക്കിയുള്ള തീറ്റയാണ് നൽകുന്നത്. ഒറ്റനോട്ടത്തിൽ സസ്യമാണെന്ന് തോന്നുമെങ്കിലും കടൽത്താമര ശരിക്കും മാംസം ഭക്ഷിക്കുന്ന ജീവിയാണ്.

ഇന്തോ-പസഫിക് മേഖലയിലെ പവിഴപ്പുറ്റുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. ശരീരത്തിൽ സുസാന്തലെ എന്ന ആൽഗകളുടെ സാന്നിധ്യമുള്ളതിനാൽ തിളങ്ങുന്ന പച്ചനിറമാണുള്ളത്. ശരീരം രണ്ടായി മുറിഞ്ഞുള്ളതും അല്ലാതെയുള്ള പ്രജനനവും നടത്തിയാണ് വംശം നിലനിർത്തുന്നത്.

27 വയസ്സുവരെ ജീവിക്കുന്ന ലെമൺ സ്രാവുകളും പ്രദർശനത്തിൽ

: അക്വേറിയത്തിലെ പുറത്തുള്ള വലിയ ടാങ്കിൽ കന്യാകുമാരി കടലിൽനിന്നു കണ്ടെത്തി ഇവിടെ എത്തിച്ച ഒരു ജോഡി ലെമൺ സ്രാവുകളും പ്രദർശനത്തിലുണ്ട്.

മൂന്നും രണ്ടും വയസ്സുള്ളവയാണ് പ്രദർശനത്തിലുള്ളത്. പവിഴപ്പുറ്റുകൾ കേന്ദ്രീകരിച്ചാണ് ആവാസം. 25 കിലോ തൂക്കം വരെയുണ്ടാകുന്ന ഇവ ഏകദേശം 27 വർഷം മാത്രമേ ജീവിക്കുകയുള്ളൂ. പത്തടിവരെ നീളമുണ്ടാകും. ആക്രമണസ്വഭാവമില്ലാത്ത ഇവയ്ക്ക് മത്സ്യങ്ങളെ തീറ്റയായി നൽകിയും കൃത്യമായ ആരോഗ്യപരിചരണവും നൽകിയാണ് സംരക്ഷിക്കുന്നത്.

Content Highlights: Rare Guitar Fish acquired from Kanyakumari coast, Unique physical characteristics resembling a guitar shape, Diet includes anchovies, squid, and shellfish, Currently on display at the Vizhinjam CMFRI aquarium