കുഞ്ഞ് പിറന്നിട്ട് ഒരുമാസം, 19 ദിവസംമുൻപ് ഭർത്താവിന്റെ വിയോഗം; ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീരോടെ സൂര്യ

#അജ്മൽ എൻ.എസ്.

പത്തനംതിട്ട: കുഞ്ഞ് ജനിച്ച് ഒരുമാസം തികയുംമുൻപേ ഭർത്താവിന്റെ വിയോഗം. പിന്നാലെ മഴക്കെടുതിയിൽ കിടപ്പാടവും നഷ്ടമായി. 31 ദിവസംമാത്രം പ്രായമുള്ള കുഞ്ഞുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് റാന്നി സ്വദേശിനി സൂര്യ.

ആംബുലൻസ് ഡ്രൈവറായിരുന്ന ഭർത്താവ് 19 ദിവസം മുൻപാണ് പന്തളത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവിന്റെ മരണത്തിന്റെ മാനസികാഘാതത്തിൽനിന്ന് കരകയറുംമുൻപേയാണ് കുടുംബം മഴക്കെടുതിയുടെ ദുരിതത്തിലായത്. സഹോദരനും ഭർതൃമാതാവിനും ഒപ്പം റാന്നിയിലെ ക്യാമ്പിൽ കഴിയുകയാണ് സൂര്യ.

കനത്ത മഴയെത്തുടർന്ന് വീട്ടിൽ വെള്ളംകയറിയതോടെ താമസിക്കാൻ കഴിയാത്ത സാഹചര്യമായി. ഇതോടെയാണ് കുഞ്ഞുമായി സൂര്യ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ദിവസങ്ങൾമാത്രം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് ക്യാമ്പിൽ കഴിയുകയാണ് ഇവർ. മഴക്കെടുതിക്ക് പിന്നാലെ കുഞ്ഞിന് അസുഖവും പിടിച്ചു. ക്യാമ്പിൽ ആശമാരുടെ നേതൃത്വത്തിൽ കുഞ്ഞിനും അമ്മയ്ക്കും കൃത്യമായ പരിചരണം നൽകുന്നുണ്ട്.

ഭർത്താവിന്റെ മരണത്തിന്റെ വേദനയ്ക്കൊപ്പം വീടും നഷ്ടപ്പെട്ടതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനേക്കുറിച്ചുള്ള ആശങ്കയിലാണ് സൂര്യ. ഒരുമാസംപോലും തികയാത്ത കുഞ്ഞുമായി സുരക്ഷിതമായൊരു ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ഈ അമ്മ.

Content Highlights: A 31-day-old infant and mother are currently sheltered in a Ranni relief camp., The mother lost her husband in a road accident 19 days ago.