'ഞാനാടാ മോനെ...' ആ വിളിയിൽ, സഹനടന്റെ കുത്തേറ്റ അവൻ പരമസാധുവായി, ഒടുവിൽ കാടിറങ്ങി

#എ.കെ. ജയപ്രകാശ്
പുതുപ്പള്ളി സാധു, പുതുപ്പള്ളി സാധുവിനെ കാടിനുള്ളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്നശേഷം ലോറിയില്‍ കയറ്റുന്നു| ഫോട്ടോ: മാതൃഭൂമി
പുതുപ്പള്ളി സാധു, പുതുപ്പള്ളി സാധുവിനെ കാടിനുള്ളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്നശേഷം ലോറിയില്‍ കയറ്റുന്നു| ഫോട്ടോ: മാതൃഭൂമി

കോതമംഗലം : സിനിമാ ചിത്രീകരണത്തിനിടെ ‘സഹനടന്റെ’ കുത്തേറ്റ് കാട്ടിലേക്ക് വിരണ്ടോടിയ നാട്ടാനയെ ഒരു രാത്രിക്കുശേഷം കാടിറക്കി. തിരച്ചിലിനിടെ കാടിനുള്ളിൽ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാനയെ കണ്ട് ഒന്നാം പാപ്പാൻ ബിനുകുമാർ, “ഞാനാടാ മോനെ....” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് മെല്ലെ അടുത്തുചെന്നു. പാപ്പാനെ തിരിച്ചറിഞ്ഞ ‘സാധു’ തലകുലുക്കി, തുമ്പിക്കൈ നിലത്തടിച്ചു. അവന് ഇഷ്ടമുള്ള ഏത്തപ്പഴങ്ങൾ നൽകി...പിന്നെ കപ്പലണ്ടി മിഠായിയും...അതോടെ സാധു ശരിക്കും സാധുവായി... വനംവകുപ്പ് സംഘത്തിനും പാപ്പാൻമാർക്കുമൊപ്പം അവൻ കാടിറങ്ങി.

ഭൂതത്താൻകെട്ട് വനമേഖലയ്ക്ക് സമീപം തെലുഗ് സൂപ്പർസ്റ്റാർ വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഒപ്പമുണ്ടായിരുന്ന ആനയുടെ കുത്തേറ്റ് ‘പുതുപ്പള്ളി സാധു’ വിരണ്ടോടി കാട്ടിൽ കയറിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. രാത്രി ഒൻപതുമണി വരെ വനംവകുപ്പ് അധികൃതർ ഉൾപ്പെടെ കാടിനുള്ളിൽ തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല.

ശനിയാഴ്ച പുലർച്ചെ വീണ്ടും തിരച്ചിൽ തുടങ്ങി. രാവിലെ എട്ടരയോടെ മരപ്പാലം ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചർമാരായ പി.ആർ. രവിയും കരുണാകരൻ രാമനും ചേർന്നാണ് ആനയെ കണ്ടെത്തിയത്. തുണ്ടം വനമേഖലയിലെ ഭൂതത്താൻകെട്ട് മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന് എതിർദിശയിലെ തോട്ടപ്പാലം ഭാഗത്ത്‌ ശാന്തനായി നിൽക്കുകയായിരുന്നു ആന. കാണാതായ സ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ ഉള്ളിലാണിവിടം. റെയ്ഞ്ച് ഓഫീസറെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘവും പാപ്പാൻമാരുമെല്ലാം ആനയ്ക്കരികിലേക്ക് എത്തി.

പഴംതിന്ന ആന വരുതിയിലാണെന്ന് ഉറപ്പാക്കിയതോടെ ആദ്യം കാലുകളിൽ വടംകെട്ടി മരത്തിൽ ബന്ധിച്ചു. തൃശ്ശൂരിൽ നിന്നെത്തിയ എലിഫെന്റ് എമർജൻസി ടീമും കോട്ടയത്ത് നിന്നെത്തിയ വെറ്ററിനറി ഡോക്ടർ സാബുവും പരിശോധിച്ച് ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.

അല്പസമയത്തിന് ശേഷം റോഡിന് കുറച്ചുകൂടി അടുത്തെത്തിച്ച് തളച്ചു. ഇവിടെ വെച്ച് കാലുകളിൽ ചങ്ങലകൂടി ബന്ധിച്ചാണ് റോഡിൽ എത്തിച്ച് ലോറിയിൽ കയറ്റിയത്. 9.52-ന് ആനയെ ലോറിയിൽ കയറ്റി. ഉച്ചയോടെ സാധു പുതുപ്പള്ളിയിൽ എത്തി.

Content Highlights: Ran Away Elephant Puthuppally Sadhu Rescued After Film Shoot Incident