രമ്യയുടെ കയ്യാങ്കളി UDFന് തിരിച്ചടിയായി; അഞ്ചുതെങ്ങിലും മംഗലപുരത്തും സിറ്റിങ് സീറ്റുകൾ നഷ്ടം

#ന്യൂസ് ഡെസ്ക്
രമ്യാ ഹരിദാസ്, രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരുമായുള്ള കൈയാങ്കളിയുടെ ദൃശ്യങ്ങൾ
രമ്യാ ഹരിദാസ്, രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരുമായുള്ള കൈയാങ്കളിയുടെ ദൃശ്യങ്ങൾ

തിരുവനന്തപുരം: ചിറയൻകീഴ് എം.എൽ.എ. രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ബിജിമോൾ. എസ് വിജയിച്ചു. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജിമോൾ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മംഗലപുരം പഞ്ചായത്തിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി രമ്യ . വി. തുളസി 139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലവും ഉൾപ്പെട്ട കൈയാങ്കളിയിൽ രണ്ടുപേരെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. രമ്യാ ഹരിദാസ് എം.എൽ.എ.യുടെ അനുയായി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയുമാണ് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ രമ്യാ ഹരിദാസ് എം.എൽ.എയുടെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദ് വാട്സാപ്പ് കൂട്ടായ്മയിൽ പോസ്റ്റിട്ടിരുന്നു.

തുടർന്ന് എം.എൽ.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ വീട്ടിലെത്തി. സജാദിന്റെ മകളെക്കൊണ്ട് സാമൂഹിക മാധ്യമ പോസ്റ്റ് വായിപ്പിക്കാൻ എം.എൽ.എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി. തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.