ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹം, പോരാട്ടത്തിന് ഫലമുണ്ടായി- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുടിവെള്ളക്ഷാമത്താൽ ജനം നട്ടംതിരിയുന്ന പാലക്കാട് ഏലപ്പുള്ളിയിൽ സർക്കാർ അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കേരളത്തെ മുഴുവൻ മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികൾക്കും ഡിസ്റ്റലറികൾക്കും അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്നതിൽ അളവറ്റ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും വേണ്ടെന്ന 1999ൽ അന്നത്തെ നയനാർ സർക്കാർ കൊണ്ടുവന്ന നിർദേശത്തെ മറികടന്നുകൊണ്ടാണ് മദ്യലോബിയുമായി കൈകോർത്തുകൊണ്ട് പിണറായി സർക്കാർ സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ബ്രൂവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാൻ അതീവ രഹസ്യമായി ഉത്തരവിറക്കിയത്. 28-6-2018 ലാണ് പാലക്കാട് ഏലപ്പുള്ളിയിൽ പ്രതിവർഷം അഞ്ച് ലക്ഷം ഹെക്ടർ ലിറ്റർ ബിയർ ഉത്പ്പാദിക്കാനുള്ള അനുമതി അപ്പോളോ ഡിസ്റ്റലറീസ് എന്ന സ്വകാര്യ കമ്പനിക്ക് നൽകിയത്. ഈ ഉത്തരവ് പുറത്തുവന്ന ഉടനെ തന്നെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ മദ്യലോബിയും സർക്കാരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നു. ഇതേ തുടർന്ന് കടുത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുകയും സർക്കാരിന് തങ്ങളുടെ തീരുമാനത്തിൽ നിന്നും യുടേൺ അടിക്കേണ്ടി വരികയും ചെയ്തു.
ഒരു പഠനം പോലും നടത്താതെയാണ് അന്നീ ബ്രൂവറിക്ക് പിണറായി സർക്കാർ അനുമതി നൽകിയത്. കടുത്ത കുടിവെള്ളക്ഷാമം നിലനിൽക്കുന്ന പ്രദേശമാണ് ഏലപ്പുള്ളി. തൊട്ടടുത്താണ് കൊക്കോക്കോളക്കെതിരെ സമരം നടന്ന പ്ലാച്ചിമട. ആ ഫാക്ടറി പൂട്ടിച്ചു എന്ന് മേനി നടിക്കുന്നവരാണ് കുടിവെള്ളമൂറ്റുന്ന ഈ ബ്രൂവറിക്ക് അനുമതി നൽകിയത്. ആദ്യം പഠനം നടാത്താതെ ബ്രൂവറിക്ക് അനുമതി നൽകിയവരോട് വീണ്ടും പഠനം നടത്താൻ പറയുന്നതിൽ അർത്ഥമില്ല. അവിടെ ഒരു കാരണവശാലും ബ്രൂവറി അനുവദിക്കുന്ന പ്രശ്നമില്ല. കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന കർഷകരെയും സാധാരണക്കാരെയും അവഗണിച്ച് ഇനിയും അവിടെ ബ്രൂവറി അനുവദിക്കാൻ ശ്രമം നടത്തിയാൽ ജനങ്ങൾ ഒരുമിച്ചുനിന്ന് അതിനെ എതിർക്കുമെന്നും ആ പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ തന്നെ താനുണ്ടാവുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Highlights: Ramesh Chennithala welcomes Kerala High Court`s decision to deny brewery license in Palakkad, citing water scarcity and government`s alleged ties with liquor lobby. A victory for his fight.