മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സുരക്ഷ ഗ്യാനേഷിന് ലഭിക്കില്ല, അന്വേഷണം 2006ലെ സംഭവത്തിൽ- ചെന്നിത്തല

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണവുമായി മുമ്പോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വളരെ ഗൗരവമുള്ള കേസായതുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സുരക്ഷ അദ്ദേഹത്തിന് ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'വളരെ ഗൗരവമുള്ള കേസാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമനടപടികളുമായി മുമ്പോട്ട് പോകാൻ വിജിലൻസിനോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി മറ്റു നടപടികളിലേക്ക് കടക്കും. നിയമപരമായി മുഴുവൻ കാര്യങ്ങളും പരിശോധിച്ചു. 2006ൽ കേരളത്തിലെ പിഡബ്ല്യുഡി സെക്രട്ടറിയായിരിക്കുന്ന കാലത്തെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ്. പാതിവഴിയിൽ ഉപേക്ഷിച്ച അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ അന്വേഷണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സംരക്ഷണം ഗ്യാനേഷ് കുമാറിന് ലഭിക്കില്ല'- രമേശ് ചെന്നിത്തല പറഞ്ഞു.
അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എൻജിനിയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷിന്റെകൂടി ഇടപെടൽ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.
മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധനയിലാണ് വിജിലൻസ്. എൻജിനിയറുടെ ആത്മഹത്യക്കുപിന്നിൽ ഗ്യാനേഷിന്റെ ഇടപെടലുണ്ടായെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
റോഡ് നിർമാണം വൈകിയതോടെ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബിൽ തടഞ്ഞുവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലീ സീ ബീൻ ക്വാലാലംപുരിൽ ആത്മഹത്യചെയ്തു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ബീനിന്റെ പരാതി. ആത്മഹത്യാക്കുറിപ്പിലും സർക്കാരിനുള്ള കത്തിലും ഗ്യാനേഷ്‌കുമാറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് പേരുപറഞ്ഞ് പരാമർശമുണ്ടായിരുന്നതായി ആരോപണമുയർന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പ് ഇവിടേക്ക് കൈമാറാനോ അന്വേഷണം നടത്താനോ ശ്രമംനടന്നില്ല. ഗ്യാനേഷിനെ സ്ഥലംമാറ്റിയത് മാത്രമായിരുന്നു ഏക ശിക്ഷാനടപടി. അദ്ദേഹം ഉടൻതന്നെ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷൻ നേടി കേരളം വിടുകയും ചെയ്തു.
Content Highlights: Vigilance investigation against Chief Election Commissioner Gyanesh Kumar will proceed., Home Minister Ramesh Chennithala stated that constitutional protection will not shield him from a serious legal case., The probe relates to the 2006 suicide of Malaysian engineer Lee Se Bean during road project delays., The investigation resumed following a complaint by KPCC executive member Malayinkeezhu Venugopal.