കടുത്ത അതൃപ്തിയിൽ ചെന്നിത്തല; നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല വി.ഡി. സതീശനും കെ.സി. വേണുഗോപാലിനുമൊപ്പം | Photo: ANI
രമേശ് ചെന്നിത്തല വി.ഡി. സതീശനും കെ.സി. വേണുഗോപാലിനുമൊപ്പം | Photo: ANI

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. സിനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈക്കമാൻഡ് പ്രതിനിധികൾ രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്ന് വിവരമുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് സൂചന. രാഹുലുമായുള്ള സംഭാഷണത്തിലും അതൃപ്തി വ്യക്തമാക്കിയെന്നാണ് വിവരം.

നിയുക്ത എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ രാവിലെ മുതൽ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. ചെന്നിത്തല അതൃപ്തിയിലാണെന്ന വാർത്ത ജ്യോതികുമാർ ചാമക്കാല നിഷേധിച്ചു. മാധ്യമങ്ങൾ അനാവശ്യകാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പുറത്തെത്തി പ്രതികരിച്ചു. ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നുമായിരുന്നു ചാമക്കാലുടെ പ്രതികരണം.

സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല ക്യാമ്പ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനും കെ.സി. വേണുഗോപാലും അവകാശവാദം ശക്തമാക്കിയപ്പോൾ, സമവായമെന്ന നിലയിൽ ചെന്നിത്തലയെ പരിഗണിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

Content Highlights: Ramesh Chennithala expresses dissatisfaction over not being considered for the CM post. Chennithala to skip the upcoming Congress parliamentary party meeting. Reports indicate high-level talks between Chennithala and Rahul Gandhi prior to the announcement. Supporters deny internal rift, emphasizing respect for High Command decisions