റെയിൽപ്പാളത്തിൽ ലോഹം ഉരുകിപ്പരന്നനിലയിൽ കണ്ടെത്തിയ സംഭവം; അട്ടിമറിശ്രമമോ..? ദുരൂഹത സംശയിച്ച് അധികൃതർ,

#ന്യൂസ് ഡെസ്ക്

രാമനാട്ടുകര: ഫറോക്കിനടുത്ത് ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപം റെയിൽപ്പാളത്തിൽ ലോഹം ഉരുകിപ്പരന്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.). ബുധനാഴ്ച രാവിലെ മംഗളൂരു ലൈനിൽ ട്രാക്ക് പരിശോധനയ്ക്കിടെ ജീവനക്കാരാണ് പാളത്തിൽ ലോഹവസ്തു ഉരുകിപ്പരന്നതുപോലെ കണ്ടെത്തിയത്. പാളത്തിൽ 10 സെന്റീമീറ്റർ ചുറ്റളവിൽ മറ്റൊരുകഷണം ഇരുമ്പ് ഉരുകിപ്പതിഞ്ഞപോലെയാണ് കാണപ്പെട്ടത്. ഇതുവഴി കടന്നുപോയ ഏതെങ്കിലും ട്രെയിനിൽനിന്ന് പാളത്തിലേക്കുവീണ ലോഹഭാഗത്തിനുമുകളിലൂടെ മറ്റുട്രെയിനുകൾ കടന്നുപോയപ്പോൾ അതു ഉരുകിപ്പരന്നതാവാമെന്നാണ് റെയിൽവേയുടെ പ്രാഥമികനിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ ഈ ഭാഗത്ത് ട്രെയിനുകൾ വേഗംകുറച്ച് മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് ഓടിച്ചത്.

ട്രെയിനിൽനിന്ന് ചെറിയ ബോൾട്ടുകൾ പാളത്തിൽ വീണാൽപോലും ഇങ്ങനെ സംഭവിക്കാം. അട്ടിമറിക്കുള്ള സാധ്യതയെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ആർ.പി.എഫ്. അധികൃതർ പറഞ്ഞു.

അജ്ഞാതർ ഭാരമുള്ള ഏതോവസ്തു പാളത്തിൽ വെച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും ഉറപ്പിച്ചുപറയാനാവില്ലെന്ന നിലപാടിലാണ് ആർ.പി.എഫ്. അത്തരത്തിലുള്ള വസ്തുക്കൾ പാളത്തിലുണ്ടെങ്കിൽ ലോക്കോ പൈലറ്റ് അത് കാണാതിരിക്കില്ലെന്നാണ് അവർ പറയുന്നത്. പാളത്തിൽ നേരത്തേ കൊണ്ടിട്ട വസ്തുവിനുമുകളിലൂടെ ട്രെയിൻ പോകുമ്പോൾ കുലുക്കം അനുഭവപ്പെടും. എന്നാൽ, അത്തരത്തിലൊന്നും ഇവിടെ റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ഈഭാഗത്ത് അല്പം താഴ്ന്നുപോയ നിലയിലായിരുന്ന റെയിൽപ്പാളം വ്യാഴാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കി. ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി സംഭവത്തിൽ ആർ.പി.എഫും നല്ലളം പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ആർ.പി.എഫ്. ഇൻസ്‌പെക്ടർ കേശവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാഥമിക സ്ഥലപരിശോധന നടത്തിയത്.

Content Highlights: Melted metal was discovered on the railway track near Cheruvannur Shardamandiram, Ramanattukara., Railway Protection Force (RPF) and Nallalam police launched a joint investigation into the incident., Initial assumption suggests metal parts from a train might have melted, but sabotage is also being probed., Train speed was restricted to 30 km/h temporarily, and track maintenance was completed by Thursday afternoon.