അടൂർ പ്രകാശ് പദവിക്ക് നിരക്കാത്തത് ചെയ്തു, കെ.പി.സി.സി.ക്ക് വ്യവസ്ഥാപിതമായ നേതൃത്വമില്ല- രാജ്മോഹൻ ഉണ്ണിത്താൻ

#ഇ.വി.ജയകൃഷ്ണന്‍
അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ | Photo: Mathrubhumi
അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ | Photo: Mathrubhumi

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ആക്ഷേപമുന്നയിച്ച യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന് മറുപടി നൽകി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇടത് യുവജന-വിദ്യാർഥി സംഘടനകൾ മന്ത്രിമാരെ തെരുവിൽ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സമയത്ത്, അതിനെ പ്രതിരോധിക്കേണ്ട, പ്രത്യാക്രമിക്കേണ്ട യു.ഡി.എഫ്. കൺവീനർ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് ഇരിക്കുന്ന പദവിക്ക് നിരക്കാത്തതാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.

'ഹൈക്കമാൻഡ് ആണ് തന്നെ കൺവീനറാക്കിയതാതെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ആക്ഷേപം ഉന്നയിക്കേണ്ടത് ഹൈക്കമാൻഡിനോടല്ലേ. ഇവിടെ യു.ഡി.എഫ് യോഗം വിളിക്കാനുള്ള നിർദേശം നൽകാൻ ഹൈക്കാമാൻഡിനോട് ആവശ്യപ്പെടണം. അല്ലാതെ പദവിയുടെ അന്തസിന് ചേരാത്ത നിലപാടല്ല കൈക്കൊള്ളേണ്ടത്. കെ.സി.വേണുഗോപാൽ പറഞ്ഞതാണ് ശരി, പരാതിയും ആക്ഷേപങ്ങളും എതിർപ്പുകളുമൊക്കെയുണ്ടെങ്കിൽ പാർട്ടി ഫോറങ്ങളിൽ പറയണം. യു.ഡി.എഫ്. കൺവീനർ തന്റെ വ്യക്തിപരമായ താത്പര്യം ഉയർത്തിപ്പിടിച്ച് സർക്കാരിനെതിരെ പറഞ്ഞത് ഒരിക്കലും ഭൂഷണമല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം കെ.പി.സി.സി.യ്ക്കെതിരെയും ഉണ്ണിത്താൻ കടന്നാക്രമണം നടത്തി. കെ.പി.സി.സി.ക്ക് ഇപ്പോൾ വ്യവസ്ഥാപിതമായ നേതൃത്വമില്ല. കെ.പി.സി.സി. പ്രസിഡന്റ് മന്ത്രി. രണ്ടു വർക്കിങ് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമെല്ലാം മന്ത്രിമാർ. സാധാരണ പ്രവർത്തകരേയും പൊതുജനങ്ങളേയും കേൾക്കാൻ ഇവിടെയൊരു പാർട്ടി നേതൃത്വമില്ല, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തു വർഷക്കാലം ഇടതുപക്ഷ മുന്നണിക്കെതിരെ അവരെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ തെരുവിൽ ഒരുപാട് ത്യാഗം സഹിച്ച, കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും യാതനകളും വേദനകളും സഹിച്ച കോൺഗ്രസുകാരുടെ വികാരങ്ങൾ പറയാൻ ഇവിടെ ആരുമില്ല. കെ.പി.സി.സി. പുനഃസംഘടിപ്പിക്കാൻ എത്രയോ തവണ താൻ ആവശ്യപ്പെട്ടതാണ്. കെ.പി.സി.സി.യ്ക്കൊരു വ്യവസ്ഥാപിത നേതൃത്വം വന്നു കഴിഞ്ഞാൽ 14 ജില്ലകളിലും പുതിയ പാർട്ടി നേതൃത്വമുണ്ടായാൽ അവരറിയാതെ എന്തെങ്കിലും ഇവിടെ ചെയ്യാനാകുമോ. യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ശക്തമായ നേതൃത്വമില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ. കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് സണ്ണിജോസഫ് പറയുന്നു. ആരാണ് പുതിയ അധ്യക്ഷനെ വയ്ക്കേണ്ടത്-ഉണ്ണിത്താൻ ചോദിച്ചു.

Content Highlights: Rajmohan Unnithan criticized UDF Convenor Adoor Prakash for his remarks against VD Satheesan., Unnithan stated that grievances should be raised in party forums rather than through press meets., He lashed out at the KPCC leadership for lacking a systematic structure and failing to represent grassroots workers.