സംസ്ഥാന ബിജെപിക്ക് ഇനി പുതിയമുഖം; കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം പാര്‍ട്ടിയെ തുണയ്ക്കുമോ?

കോഴിക്കോട്: അരഡസൻ പേരുകൾ ഉയർന്നുകേൾക്കുകയും ചർച്ചയാവുകയവും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ മാസ്സ് എൻട്രി. അതും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ. കെ. സുരേന്ദ്രൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവർകൂടി പിന്തുണച്ചതോടെ രാജീവ് ചന്ദ്രശേഖറിന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ഈ കടന്നുവരുവ് എളുപ്പമായി. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം കേരളത്തിൽ ബിജെപിയുടെ പ്രതിച്ഛായ്ക്ക് കൂടുതൽ തിളക്കം നൽകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പുതിയ തലമുറയെ സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രം മുന്നിൽക്കാണുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവൻ പേരെയും നേരിട്ടുകണ്ട് വോട്ടുകൾ ഉറപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. ഈ കാര്യത്തിലുൾപ്പടെ പൊതുജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താനും മികച്ച റിസൾട്ട് ഉണ്ടാക്കാനും നേരത്തെ എംപിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൽ അദ്ദേഹം സജീവപ്രവർത്തനം തുടങ്ങി. മാസത്തിൽ പലതവണയായി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് തന്നെ തുടരുമെന്നതിന്റെ സൂചനയായി വീടും വാങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് മൂന്നര ലക്ഷം ജനങ്ങൾ പിന്തുണച്ചു.
തനിക്ക് വോട്ട് ചെയ്തവരെ കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും താനിവിടെ കൂടുതൽ സമയം ചിലവഴിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കടുത്ത വിഭാഗീയതയുള്ള കേരളത്തിലെ ബിജെപിയിൽ നേതാക്കളെ ഒന്നിപ്പിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം ബിജെപിക്ക് എത്രത്തോളം ഗുണപരമാവും എന്നത് കാത്തിരുന്ന് കാണാം.
രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തിന് മറ്റുചില തലങ്ങൾകൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്. കൃഷ്ണദാസ് പക്ഷമെന്നും വി.മുരളീധരൻപക്ഷമെന്നും രണ്ടായി നിന്നിരുന്ന കേരള ബിജെപിയിൽ പുതിയൊരു നേതാവിനെ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ഇതുവഴി പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിക്കുകയും ചെയ്തിരിക്കുകയാണ് നേതൃത്വം. കേന്ദ്രനേതൃത്വത്തിന്റെ പുതിയ നീക്കത്തെ കേരളത്തിലെ ബിജെപിക്കുള്ള സന്ദേശമായും കാണാവുന്നതാണ്. കാരണം ഗ്രൂപ്പുകൾക്ക് അതീതനായ നേതാവായാണ് രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിക്കാട്ടുന്നത്. ഇങ്ങനെയൊരാൾ ഇതിനുമുൻപ് ബിജെപി നേതൃസ്ഥാനത്തേക്ക് വന്നത് കുമ്മനം രാജശേഖരനായിരുന്നു.
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടത്തിനാണ് തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. 2014-ന്റെ തനിയാവര്‍ത്തനമാണുണ്ടായതെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചിരപരിചിതനല്ലാത്ത ഒരു ബിജെപി. നേതാവിന് സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു എന്നതാണ് ശ്രദ്ധേയം. തലസ്ഥാനത്തെ ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ സാധിച്ചതിന് പുറമേ തീരദേശമേഖലയായ കോവളത്തും ബി.ജെ.പിക്ക് ഇത്തവണ വോട്ടുകൾ കൂടി. കോവളത്ത് 64042 വോട്ടുകള്‍ ശശി തരൂര്‍ നേടിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന് കിട്ടിയത് 36136 വോട്ടുകളായിരുന്നു. തരൂരിന്റെ ലീഡ് 27906 വോട്ടുകളായി കുറഞ്ഞു. കോവളം കേന്ദ്രീകരിച്ച് തീരദേശ മേഖലയില്‍ തരൂരിന്റെ വോട്ടുകള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനവും നടത്തിയിരുന്നു. ബിജെപിയ്ക്ക് ലീഡ് കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത തീരദേശമേഖലയില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപിയ്ക്ക് സാധിച്ചു.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. 'പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചത് സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ അൽപ്പസമയത്തിനകം തന്നെ ഫേസ്ബുക്കിൽ നിന്നും എക്സ് പ്ലാറ്റ്ഫോമിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നായിരുന്നു സൂചന. ഇതെല്ലാം പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത് എന്നാണ് വിലയിരുത്തൽ.
2026-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കൾ കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തരൂരിനെക്കാൾ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകൾ രാജീവ് നേടിയിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും താമര വിരിയിക്കാൻ സഹായകരമാവുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
രാജീവ് ചന്ദ്രശേഖർ
രണ്ടാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ ഇലക്ട്രോണിക്‌സ്, ഐടി, സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. പാർട്ടി ദേശീയവക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് രാജീവ് ഔദ്യോഗികമായി ബി.ജെ.പി. അംഗമാകുന്നത്. അതിന് മുൻപ് 2006 മുതൽ 2018 വരെ കർണാടകയെ രാജ്യസഭയിൽ പ്രതിനിധീകരിച്ച സ്വതന്ത്ര എംപിയായിരുന്നു അദ്ദേഹം.
1964 മെയ് 31ന് മലയാളി മാതാപിതാക്കളുടെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മണിപ്പുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ രാജീവ്, ഷിക്കാഗോയിലെ ഇലിനിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടുകയും പിന്നീട് അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ഇന്റലിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠനം, തൊഴിൽമേഖല എന്നിവയുമായി ബന്ധപ്പെട്ട് ടെക്‌നോക്രാറ്റ് എന്നൊരു വിശേഷണവും രാജീവിനുണ്ട്.
1994-ൽ രാജീവാണ് ബി.പി.എൽ. മൊബൈൽ സ്ഥാപിച്ചത്. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ സംസ്ഥാനത്തെ എൻഡിഎയുടെ വൈസ് ചെയർമാനായിരുന്നു. കൂടാതെ 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഇൻ ചാർജും ആയിരുന്നു.
Content Highlights: Rajeev Chandrasekhar: BJP`s New Kerala Chief