നേമത്ത് രാജീവ്, സുരേന്ദ്രൻ വർക്കലയിൽ; വട്ടിയൂർക്കാവിൽ മുരളിയെങ്കിൽ എതിരാളി പത്മജ; BJP പട്ടിക ഇങ്ങനെ

#പ്രശാന്ത് കൃഷ്ണ | മാതൃഭൂമി ന്യൂസ്
രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ | Photo: PTI
രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ | Photo: PTI

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താമര വിരിയിക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി. കൈവിട്ട് പോയ നേമം സീറ്റ് പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തന്നെ മത്സരത്തിനിറക്കാനാണ് പാർട്ടിയുടെ നീക്കം. നേമത്ത്, ആർഎസ്എസിന് താൽപ്പര്യമുണ്ടായിരുന്ന കുമ്മനം രാജശേഖരനെ ആറന്മുളയിലേക്ക് മാറ്റാനും പുതിയ നേതൃത്വം ആലോചിക്കുന്നുണ്ട്. 

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ കൃത്യമായ കണക്കുകൂട്ടലുകളുമായാണ് ബിജെപിയുടെ മുന്നൊരുക്കം. ഇപ്പോഴേ ഒരുങ്ങിയാൽ പൂട്ടിയ നേമത്തെ അക്കൗണ്ട് അടക്കം തുറക്കാമെന്ന മോഹത്തിലാണ് ബിജെപി. അതിനായി ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ സാധ്യതാപട്ടികയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. കൈവിട്ട് പോയ നേമം മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് ആദ്യ പരിഗണന. ഗവർണർ സ്ഥാനം രാജിവെപ്പിച്ച് നേമം പിടിക്കാൻ ആർഎസ്എസ് കൊണ്ടുവന്ന കുമ്മനത്തിന് ഇത്തവണ നേമത്ത് ജയസാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. ഏറ്റവും ജയസാധ്യതയുള്ള നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിച്ചേക്കും. അപ്പോൾ കുമ്മനത്തെ ആറന്മുള സീറ്റിലേക്ക് മാറ്റാനാണ് തയ്യാറെടുപ്പ്.

മറ്റൊരു വിജയസാധ്യതാ മണ്ഡലം വട്ടിയൂർക്കാവാണ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനെ യുഡിഎഫ് മത്സരിപ്പിച്ചാൽ എതിരാളിയായി സഹോദരി പത്മജ വേണുഗോപാലിനെ ഇറക്കാനാണ് ബിജെപിയുടെ പ്ലാൻ. ഇനി കെ. മുരളീധരൻ ഇല്ലെങ്കിൽ പത്മജ വേണുഗോപാൽ തൃശൂരിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ കന്നിയങ്കം കുറിക്കും. പത്മജ തൃശൂരിലാണെങ്കിൽ വട്ടിയൂർക്കാവിൽ ആര് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കണ്ടെത്തിയിട്ടില്ല. 

കഴക്കൂട്ടമാണ് മറ്റൊരു പ്രധാന മണ്ഡലം. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ വർഷങ്ങളായി താഴേത്തട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷമുള്ള പുനഃസംഘടനയിൽ വി. മുരളീധരപക്ഷത്തെ ഒതുക്കിയ സമീപനം സീറ്റ് നിർണയത്തിൽ പിന്തുടരില്ലെങ്കിൽ വി. മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കും. അതല്ലെങ്കിൽ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനായ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെ കഴക്കൂട്ടത്ത് പരിഗണിക്കും. 

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വി.വി. രാജേഷിനെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കാട്ടാക്കടയിൽ മാറ്റമില്ല പി.കെ. കൃഷ്ണദാസിന് മാത്രമാണ് ആദ്യ പരിഗണന. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണത്തെ പോലെ കോന്നിയിലും മഞ്ചേശ്വരത്തും ഒരുമിച്ച് മത്സരിക്കുമോ എന്നത് പലരും ഉറ്റുനോക്കുന്ന ഒന്നാണ്. എന്നാൽ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാൻ ഇപ്പോൾ ആലോചിക്കുന്നത് ശിവഗിരി ഉൾപ്പെടുന്ന വർക്കല മണ്ഡലത്തിലാണ്.

ചെങ്ങന്നൂർ സീറ്റിൽ ഗവർണർ സ്ഥാനം ഒഴിഞ്ഞെത്തിയ പി.എസ്. ശ്രീധരൻപിള്ളയെ മത്സരിപ്പിക്കാനാണ് ആലോചന എത്തി നിൽക്കുന്നത്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് മത്സരിച്ച ശോഭ സുരേന്ദ്രനായി ബിജെപി നേതൃത്വം കണ്ടുവച്ചിരിക്കുന്നത് തൃശൂരിലെ പുതുക്കാട് സീറ്റാണ്. സുരേഷ് ഗോപി ലോക്‌സഭയിലേക്ക് ജയിച്ചപ്പോൾ പുതുക്കാട് അടക്കം ആറ് നിയമസഭ മണ്ഡലങ്ങളിൽ ലീഡ് ബിജെപിക്കായിരുന്നു..

സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഇത്തവണയും തിരുവല്ല സീറ്റിലാകും മത്സരിക്കുക. പി.സി. ജോർജിന് തട്ടകമായ പൂഞ്ഞാർ നൽകും. മകനും വൈസ് പ്രസിഡന്റുമായ ഷോൺ ജോർജിന് പാലായും നൽകും. എം.ടി. രമേശിന് കോഴിക്കോട് നോർത്തിന് മാറ്റമുണ്ടാകില്ല. 2021-ൽ ധർമ്മടത്ത് മത്സരിച്ച സി.കെ. പത്മനാഭന് കണ്ണൂർ സീറ്റ് നൽകാനാണ് നിലവിലെ ആലോചന. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് കായംകുളമാണ് ബിജെപി കണ്ടുവച്ചിരിക്കുന്നത്. ബിജെപിയിലെ ന്യൂനപക്ഷ മോർച്ച നേതാക്കളായ ജിജി ജോസഫിനെ എറണാകുളത്തും, നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കാനാണ് ധാരണ. 

2026-ൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന് അമിത് ഷാ സ്വപ്നം കാണുമ്പോഴും നാൽപതിൽ താഴെ സീറ്റിലാണ് ബിജെപി ശക്തമായ മത്സരത്തിന് കോപ്പുകൂട്ടുന്നത്‌.

Content Highlights: rajeev chandrasekhar from nemom k surendran in varkala bjp assembly poll candidature