മലബാറിലെ 2 സ്റ്റേഷനുകളിൽ കൂടി പാഴ്സൽ സൗകര്യം അവസാനിപ്പിക്കാൻ റെയിൽവേ; ഇനി അഞ്ച് സ്റ്റേഷനുകളിൽ മാത്രം

പയ്യന്നൂർ: മലബാറിലെ രണ്ടു പ്രധാന സ്റ്റേഷനുകളിൽ കൂടി റെയിൽവേ പാഴ്സൽ സൗകര്യം നിർത്തുന്നു. കാസർകോട്, തലശ്ശേരി സ്റ്റേഷനുകളിൽ ശനിയാഴ്ച മുതൽ പാഴ്സൽ സൗകര്യം ഉണ്ടാവില്ല. ഇനി മംഗളുരുവിനും ഷൊർണൂരിനും ഇടയിലെ 307 കിലോമീറ്ററിൽ മംഗളുരു, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നീ അഞ്ചു സ്റ്റേഷനുകളിൽ മാത്രമേ ഈ സൗകര്യം ഉണ്ടാകൂ. പയ്യന്നൂർ, കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നേരത്തെ തന്നെ പാഴ്സൽ സൗകര്യം എടുത്തുകളഞ്ഞിരുന്നു.
നിലവിലെ നിയമം അനുസരിച്ച് തീവണ്ടിയിൽ മീൻ മുതൽ ബൈക്ക് വരെ ബുക്ക് ചെയ്യാം. എന്നാൽ കയറ്റുന്നതും ഇറക്കുന്നതുമായ സ്റ്റേഷനുകളിൽ അഞ്ചു മിനിറ്റ് സ്റ്റോപ്പ് വേണം. കേരളത്തിൽ വലിയ (എ ക്ലാസ്) സ്റ്റേഷനുകളിൽ പോലും ഭൂരിഭാഗം വണ്ടികൾക്കും അഞ്ചു മിനിറ്റ് സ്റ്റോപ്പില്ല. നേത്രാവതി എക്സപ്രസിൽ മുംബൈയിലേക്ക് ധാരാളം പാഴ്സൽ ഉണ്ടാകും. അതിനാൽ കോഴിക്കോട് സ്റ്റേഷനിൽ നേത്രാവതി എക്സപ്രസിന്റെ സ്റ്റോപ്പ് മൂന്നു മിനിറ്റിൽ നിന്ന് അഞ്ചു മിനിറ്റാക്കിയിരുന്നു.
കയറ്റുന്ന സ്റ്റേഷനിലും ഇറക്കുന്ന സ്റ്റേഷനിലും അഞ്ചു മിനിറ്റ് പാഴ്സലിന് ലഭിക്കുന്നുണ്ടെങ്കിൽ മാത്രമെ പാഴ്സൽ ആയി ലഗേജ് വാനിൽ കൊണ്ടുപോകാൻ പറ്റു. മൂന്നു മിനിറ്റ് സ്റ്റോപ്പുള്ള കണ്ണൂരിൽ ഉൾപ്പെടെ ഇപ്പോൾ ചരക്ക് അയക്കുന്നത് ലഗേജ് സംവിധാനം വഴിയാണ്. എന്നാൽ അതിന് ഒരു യാത്രാ ടിക്കറ്റ് കൂടി എടുക്കണം.
ലഗേജ് കയ്യിൽ കരുതാം
ഓരോ ക്ലാസിലും യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാൻ റെയിൽവേ അനുവദിച്ച ലഗേജ് ഭാരമുണ്ട്. ഒപ്പം ലഗേജിന് അളവും. പണം അടച്ച് ഇതിനൊപ്പം അധികഭാരം ഒപ്പം കൊണ്ടുപോകാം. പരമാവധി ഭാരപരിധിയിലും കൂടുതലാണെങ്കിൽ ലഗേജ് വാൻ ഉപയോഗിക്കണം. ഭാര, അളവ് മാനദണ്ഡം പാലിക്കാതെ തീവണ്ടിയിൽ അനുവദിച്ചതിനേക്കാൾ സാധനങ്ങളുമായി എത്തിയാൽ പിടിക്കപ്പെടും. യാത്രക്കാർക്ക് അനുവദിച്ച സ്ഥലം ഇല്ലാതാകുമ്പോൾ മറ്റുയാത്രക്കാരുടെ കിടപ്പ് തന്നെ അവതാളത്തിലാകും.
യാത്രക്കാരനൊപ്പം അനുവദിച്ച ലഗേജ് ഭാരം
- സെക്കന്റ് ക്ലാസ് - 35 കിലോ (അധിക തുക നൽകി 70 കിലോ വരെ)
- സ്ലീപ്പർ കോച്ച് - 40 കിലോ (അധിക തുക നൽകി 80 കിലോ വരെ)
- തേർഡ് എ.സി - 40 കിലോ (അധിക തുക നൽകി 40 കിലോ വരെ)
- സെക്കന്റ് എ.സി - 50 കിലോ (അധിക തുക നൽകി 100 കിലോ വരെ)
- ഫസ്റ്റ് ക്ലാസ് - 70 കിലോ (അധിക തുക നൽകി 150 കിലോ വരെ)
Content Highlights: Southern Railway has decided to withdraw parcel services from Kasaragod and Thalassery stations, restricting parcel facilities along the 307-km stretch between Mangaluru and Shoranur to just five major stations due to the 5-minute train stoppage rule.